നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിൻസിപ്പൽ ആക്കാൻ നീക്കം
Mail This Article
തിരുവനന്തപുരം∙ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിൻസിപ്പൽ ചുമതല നൽകാൻ നീക്കം. കായംകുളം എംഎസ്എം കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നൽകിയേക്കും. പ്രിൻസിപ്പലിന്റെ പൂർണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു. സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴചയുണ്ടായി എന്നു കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.
കോളജിനു ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപിച്ചായിരുന്നു പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത്. സർവകലാശാല റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒഡീഷയിലെ കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റും മൈഗ്രേഷൻ, ടിസി സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചു പ്രവേശനം നേടിയെന്നാണു കേസ്. തട്ടിപ്പിൽ ജൂൺ 23ന് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജൂൺ 24ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിൽ ഒളിവിൽ പോയിരുന്ന നിഖിലിനെ സിപിഎം പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണു നടപടിയുണ്ടായത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു.