സിഎഎ ബില്ലിനെ എതിർത്തത് ആരിഫ് മാത്രമാണോയെന്ന് ചോദ്യം; കുടിച്ച വെള്ളം ചിരിച്ചു തുപ്പി തരൂർ
Mail This Article
തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിൽ ചർച്ചയ്ക്കു വന്നപ്പോൾ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളിൽ സിപിഎം അംഗം മാത്രമാണ് എതിർത്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തേക്കുറിച്ച് ചോദിച്ചപ്പോൾ, വാർത്താ സമ്മേളനത്തിനിടെ കുടിച്ച വെള്ളം ചിരിച്ചുതുപ്പി കോൺഗ്രസ് നേതാവും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായ ശശി തരൂർ. വെള്ളം കുടിക്കുന്ന സമയത്താണോ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് ചിരിയോടെ അദ്ദേഹം ചോദിച്ചു.
സിഎഎ ബിൽ പാസാക്കിയ 2019 ഡിസംബറിൽ മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവർ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.
‘‘സോറി, വെള്ളം കുടിക്കുമ്പോഴാണോ നിങ്ങൾ ഇതു ചോദിക്കുന്നത്. ഒന്നു ഗൂഗിളിൽ കയറി പരിശോധിച്ചാൽ മതി. നിങ്ങൾ വേറൊന്നും ചെയ്യേണ്ട. സിഎഎ ഡിബേറ്റ്, തരൂർ, കോൺഗ്രസ് എന്ന് ചോദിച്ചാൽ നിങ്ങൾക്ക് എല്ലാം കിട്ടും. യൂട്യൂബും കിട്ടും, ആർട്ടിക്കിളും കിട്ടും. ഇതാണ് സത്യം. ആരാണ് മുഖ്യമന്ത്രിയോട് ഇങ്ങനെയൊക്കെ പറഞ്ഞുകൊടുക്കുന്നത്? അദ്ദേഹത്തിനൊപ്പം ഹോംവർക്ക് ചെയ്യാൻ ആളില്ലേ? സത്യം പറഞ്ഞാൽ കുറച്ചെങ്കിലും പഠിച്ച ശേഷം വേണ്ടേ സംസാരിക്കാൻ? നമ്മുടെ മുഖ്യമന്ത്രിയല്ലേ അദ്ദേഹം. ആ സ്ഥാനത്തെ നമ്മൾ ബഹുമാനിക്കുന്നതല്ലേ. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയാൻ പാടുണ്ടോ?’’ – തരൂർ ചോദിച്ചു.
‘‘ഈ ലോക്സഭാ തിരഞ്ഞെടുപ്പ് എൽഡിഎഫിനേക്കുറിച്ചല്ല. സത്യം പറഞ്ഞാൽ ഈ തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു പ്രസക്തിയുമില്ല. ഇത് ബിജെപിയും ബിജെപിയെ എതിർക്കുന്ന പാർട്ടികളും തമ്മിലുള്ള പോരാണ്. ആരാണ് ഭാരതത്തെ നയിക്കാൻ പോകുന്നത്, ഏത് സങ്കൽപമാണ് ഇത്തവണ വിജയിക്കാൻ പോകുന്നത് എന്നതൊക്കെയാണ് പ്രധാനം. ഒരു പാർട്ടി, ഒരു നേതാവ്, ഒരു മതം, ഒരു ജാതി, ഒരു ഭാഷ എന്നിങ്ങനെയുള്ള സങ്കൽപമാണോ വേണ്ടത്, അതോ കേരളത്തിന്റെ ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്ന സങ്കൽപമാണോ എന്നതാണ് ചോദ്യം. ഇത്തരം കാര്യങ്ങളിൽ ഇടതുപക്ഷത്തിന് എന്താണ് ചെയ്യാനുള്ളത്. എന്റെ അഭിപ്രായത്തിൽ തമിഴ്നാട്ടിലൊക്കെ ചെയ്യുന്നതുപോലെ നമുക്കു പിന്തുണ തന്ന് ബിജെപിയെ തടുക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്.’’ – തരൂർ പറഞ്ഞു.