‘പ്രശ്നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ച് പരിഹരിക്കണം, യുഎസ് ഇടപെടാൻ ആഗ്രഹിക്കുന്നില്ല’
Mail This Article
വാഷിങ്ടൻ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിർത്തി കടക്കാൻ മടിക്കില്ലെന്ന ഇന്ത്യൻ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.
‘‘നേരത്തേ പറഞ്ഞതുപോലെ അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല, എന്നാൽ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാനും സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്താനും ഇന്ത്യയെയും പാക്കിസ്ഥാനെയും ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നു.’’ യുഎസ് വക്താവ് മാത്യു മില്ലർ പറഞ്ഞു. സിഖ് വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുനെ അമേരിക്കൻ മണ്ണിൽ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ പേരിൽ ഇന്ത്യയുടെ മേൽ ഉപരോധം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതേകുറിച്ച് തുറന്നുസംസാരിക്കാനാവില്ലെന്നായിരുന്നു മില്ലറുടെ മറുപടി.
ഉത്തരാഖണ്ഡിൽ റാലിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് തീവ്രവാദം കാരണം ഉണ്ടാകുന്ന വേദനകൾ സഹിക്കാൻ പുതിയ ഇന്ത്യ തയ്യാറല്ലെന്നും ഇത്തരത്തിൽ തുടർച്ചയായി ആക്രമണം നടത്തുന്നവരെ ഇന്ത്യ ഒരു പാഠം പഠിപ്പിക്കുമെന്നും മോദി പ്രസ്താവിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തീവ്രവാദ ആക്രമണത്തിനെതിരെ ഇന്ത്യ നിശബ്ദമായിരിക്കില്ലെന്ന നിലപാട് ആവർത്തിച്ചിരുന്നു.‘‘ ആവശ്യമെങ്കിൽ അതിർത്തി കടന്നും ആക്രമിക്കും. ഒരാളെപ്പോലും വെറുതെ വിടില്ല.ഇന്ത്യയ്ക്കകത്തുവെച്ചുതന്നെ അവരെ വകവരുത്തും വേണ്ടിവന്നാൽ പുറത്തുവച്ചും.’’ എന്നായിരുന്നു രാജ്‌നാഥ്സിങ്ങിന്റെ പ്രതികരണം.