ഡെങ്കിപ്പനി: റെഡ് സോണായി പാമ്പനാർ കുമാരപുരം; 10 വയസ്സുകാരിയുടെ മരണത്തിനു പിന്നാലെ നിയന്ത്രണം
Mail This Article
ഇടുക്കി∙ പീരുമേട് താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് പത്തുവയസ്സുകാരി മരിച്ച സംഭവത്തിനു പിന്നാലെ മാലിന്യപ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ പഞ്ചായത്തും നാട്ടുകാരും. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യ മരണപ്പെട്ടത് ഡെങ്കിപ്പനി കാരണമാണെന്നാണ് സൂചന. ഈ പ്രദേശത്ത് മാലിന്യം രൂക്ഷമാണെന്നും, നടപടി വേണമെന്നും ആവശ്യപ്പെട്ട് മുൻപ് തന്നെ അപേക്ഷകൾ സമർപ്പിക്കപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. അതുല്യയുടെ മരണത്തെ തുടർന്ന് നാട്ടുകാരും പഞ്ചായത്തും ചേർന്ന് വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്.
ഇന്ന് രാവിലെയാണ് പനിയെ തുടർന്ന് അതുല്യ മരണപ്പെടുന്നത്. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളുടെ ലിസ്റ്റിൽ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശം കൂടെയാണ് പീരുമേട്. ഊട്ടിയിൽ വിദേശികൾക്ക് യാത്രാ പാസ് നിലവിൽ വന്നതോടെ ഇടുക്കിയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലാണ്. കൊട്ടാരക്കര - കമ്പം റോഡിൽ (കെ.കെ റോഡ്) എത്തുന്ന യാത്രക്കാർ, റോഡരികുകളിലും മറ്റുമായി മാലിന്യങ്ങൾ ഉപേക്ഷിച്ച് പോവുകയാണെന്നും, അത് നീക്കം ചെയ്യാതെ കിടക്കുന്നത് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മുൻപ് തന്നെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതിൽ ഏറ്റവുമധികം ആളുകൾ തിങ്ങിപ്പാർക്കുന്നതും ആരോഗ്യപ്രതിസന്ധി നിലനിൽക്കുന്നതുമായ സ്ഥലമാണ് പാമ്പനാർ കുമാരപുരം കോളനി.
അതുല്യയുടെ മരണത്തിനു ശേഷമാണ് പീരുമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ പഞ്ചായത്ത് അധികൃതർ മാലിന്യ സംസ്കരണ ശ്രമങ്ങൾ ആരംഭിക്കുന്നത്. വൈകാതെ നാട്ടുകാരും ശ്രമങ്ങളിൽ ഒപ്പം ചേരുകയായിരുന്നു. മുഴുവൻ മാലിന്യവും നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അതേസമയം, അതുല്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം ഡെങ്കിപ്പനിയാണോ എന്ന് സ്ഥിതീകരിക്കൂ.