അധിർ രഞ്ജൻ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു: ഖർഗെയുമായുള്ള എതിർപ്പ് പരസ്യമാക്കി പ്രതികരണം
Mail This Article
കൊൽക്കത്ത∙ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം അധിർ രഞ്ജൻ ചൗധരി രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന്റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന പിസിസി യോഗത്തിനു ശേഷമാണ് ചൗധരിയുടെ രാജി പ്രഖ്യാപനം. എന്നാൽ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനം വ്യക്തമല്ല.
രാജിക്കു പിന്നാലെ മല്ലികാർജുൻ ഖർഗെയുമായുള്ള എതിർപ്പ് അധിർ രഞ്ജൻ ചൗധരി പരസ്യമാക്കി. ഖർഗെ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ആയതിനുശേഷം ബംഗാളിൽ സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. പുതിയ മുഴുവൻ സമയ പ്രസിഡന്റിനെ നിയമിക്കുമ്പോൾ അതേക്കുറിച്ച് മനസിലാകുമെന്നും ചൗധരി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെ ഇന്ത്യാ സഖ്യത്തിൽ ചേർക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ ചൗധരിയും ഖർഗെയുമായി ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസ് എംപി പി.ചിദംബരവുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൗധരിയുടെ രാജി. മുർഷിദാബാദ് ജില്ലയിലെ ബഹാരാംപുർ മണ്ഡലത്തിൽനിന്ന് 5 തവണ എംപിയായ ചൗധരി ഇത്തവണ തൃണമൂലിനായി മത്സരിച്ച ക്രിക്കറ്റ് താരം യൂസഫ് പഠാനോട് പരാജയപ്പെട്ടിരുന്നു.