ADVERTISEMENT

തിരുവനന്തപുരം ∙ മലബാർ സംസ്ഥാന രൂപീകരണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനെതിര മുഖപ്രസംഗവുമായി മുസ്‍ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. മലബാർ സംസ്ഥാനം രൂപീകരിക്കണമെന്ന് മുസ്‍ലിം ലീഗ് എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്നു ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ലീ​ഗിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിനുള്ള മറുപടിലേഖനത്തിലാണു വിമർശനം.

മലപ്പുറം ജില്ലാ രൂപീകരണ സമയത്തുണ്ടായ അതേ ഫോബിയയാണ് മലബാർ സംസ്ഥാന രൂപീകരണ വിവാദത്തിലും സിപിഎമ്മിനെ ബാധിച്ചിരിക്കുന്നതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തലുമുണ്ട്.

മലബാർ സംസ്ഥാന രൂപീകരണമെന്ന വിഷയം ലീഗ് എവിടെയും ഉന്നയിച്ചിട്ടില്ല. അങ്ങനെയൊരു ആവശ്യമില്ലെന്നും മറിച്ച് അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ കുറ്റം പറയാനാകില്ലെന്നുമായിരുന്നു സമസ്ത നേതാവിന്റെ പ്രസംഗത്തിലെ വാക്കുകൾ. മലബാറിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്നു പറയുമ്പോൾ അവരെ മതരാഷ്ട്രവാദികളാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ജോലി എളുപ്പമാക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

മുസ്‌ലിം സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ലീഗ് വോട്ട് സമാഹരിക്കാമെന്ന സിപിഎം ലക്ഷ്യം തകർന്നിരിക്കുകയാണ്. ഇതു തിരിച്ചറി‍ഞ്ഞതോടെയാണ് മലബാർ സംസ്ഥാന രൂപീകരണ വിവാദമുണ്ടാക്കി ഭൂരിപക്ഷ വോട്ടുകൾ കൂടെ നിർത്താനുള്ള സിപിഎം ശ്രമം. നവോഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ കേട്ട് സിപിഎം റാൻമൂളി നിൽക്കുകയാണ്. 75 വർഷമായി രാജ്യത്തു മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ലീഗിന്, ജമാഅത്ത് പോലുള്ള സംഘടനകളുടെ മുദ്രാവാക്യം ഏറ്റെടുക്കേണ്ട ഗതികേടില്ലെന്നും ലേഖനം ഓർമിപ്പിക്കുന്നു.

English Summary:

Muslim League Denies Demands for Malabar State in Chandrika Daily Amid Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com