ADVERTISEMENT

കാരക്കാസ് ∙ തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്ക് വിജയം. 51.20 ശതമാനം വോട്ടുകൾ നേടിയാണ് മഡുറോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം വെനസ്വേലയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. എതിർ സ്ഥാനാർഥിയായ എഡ്മുണ്ടോ ഗോൺസാലസിൻ 44.02 ശതമാനം വോട്ടാണ് നേടിയത്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് ജനം വോട്ടു ചെയ്തതെന്ന് മഡുറോ പറഞ്ഞു. 

പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ ഇന്നലെ വൈകിട്ട് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തി.

2013ൽ കാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. ഷാവേസിന്റെ എഴുപതാം ജന്മവാർഷികം ഇന്നലെയായിരുന്നു. അർജന്റീന, അൽജീരിയ എന്നിവിടങ്ങളിലെ മുൻ വെനസ്വേലൻ അംബാസഡറായിരുന്നു ഗോൺസാലസിൻ. സാമ്പത്തിക പ്രതിസന്ധിയടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. 25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച് രാജ്യത്തെ സാമ്പത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു വാഗ്‌ദാനം.

English Summary:

Nicolás Maduro Re-Elected as Venezuelan President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com