വയനാട്ടിൽ പുനരധിവാസ ഭൂമി പരിശോധിക്കാൻ വിദഗ്ധ സമിതി; ദുരന്തസ്ഥലം ഇനി ജനവാസയോഗ്യമാണോ എന്നും പരിശോധന
Mail This Article
പത്തനംതിട്ട ∙ വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളിലും സൂക്ഷ്മ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റും സെന്റർ ഫോർ എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സൂരത്‌കൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ശ്രീവൽസ കോലതയാർ, വയനാട് ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ താരാ മനോഹരൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസർഡ് അനലിസ്റ്റ് ജി.എസ്.പ്രദീപ് എന്നിവരാണു സംഘത്തിലുള്ളത്.
പ്രദീപ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജിഐഎസ് സാങ്കേതിക സഹായം നൽകാൻ എ.ഷൈനുവും സംഘത്തിലുണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസിന്റെ ഉത്തരവിൽ പറയുന്നു. ജനങ്ങളെ പുനരധിവസിപ്പിക്കാനും ടൗൺഷിപ് നിർമിക്കാനും കണ്ടെത്തിയ ഭൂമിയുടെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ചും ഈ സമിതി പഠനം നടത്തി ശുപാർശകൾ നൽകും.
ഇവിടെ നടപ്പാക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ ഭൂ വിനിയോഗ രീതികളെപ്പറ്റിയും വിദഗ്ധ സംഘം ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകും. ദുരന്തം സംഭവിച്ച സ്ഥലങ്ങൾ ഇനി ജനവാസയോഗ്യമാണോ എന്നും സമിതി പരിശോധിക്കും. സംഘം ഇന്നു മുതൽ പഠനം ആരംഭിക്കും. പത്തു ദിവസത്തിനകം റിപ്പോർട്ടു നൽകുമെന്നാണ് പ്രതീക്ഷ. 2005–ലെ ദുരന്ത നിവാരണ ചട്ടം അനുസരിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സമിതിക്ക് ആവശ്യമായ സുരക്ഷയും സഹായങ്ങളും ഒരുക്കേണ്ടതു ജില്ലാ ഭരണ നേതൃത്വത്തിന്റെ ചുമതലയാണ്.