ADVERTISEMENT

വാഷിങ്ടൻ ∙ ബഹുരാഷ്ട്ര കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സിന്റെ പുതിയ സിഇഒയ്ക്ക് ദിനവും ഓഫിസിലെത്താൻ സഞ്ചരിക്കേണ്ടത് 1600 കിലോമീറ്റർ! സിഇഒ ബ്രിയാൻ നിക്കോൾ (50) കലിഫോർണിയയിൽ ആണ് താമസം. സ്റ്റാർബക്സിന്റെ ആസ്ഥാനം വാഷിങ്ടനിലെ സിയാറ്റിലിലും. അങ്ങോട്ടേക്കു താമസം മാറാൻ നിക്കോൾ വിസമ്മതിച്ചതോടെയാണ് ദിനംപ്രതി ദീർഘയാത്ര വേണ്ടിവരുന്നത്. ഓഫിസിലേക്കുള്ള യാത്രയ്ക്ക് നിക്കോൾ കോർപറേറ്റ് ജെറ്റ് ഉപയോഗിക്കുമെന്നു കമ്പനി പുറത്തുവിട്ട കരാർ വ്യക്തമാക്കുന്നു. 

ദൂരക്കൂടുതൽ ഉണ്ടെങ്കിലും കമ്പനിയുടെ ഹൈബ്രിഡ് വർക്ക് പോളിസി പ്രകാരം ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം നിക്കോൾ സിയാറ്റിലിലെ ഓഫിസിൽ എത്തുമെന്നാണു കരാർ. നിക്കോളിന്റെ വാർഷിക അടിസ്ഥാന ശമ്പളം 13.42 കോടി രൂപയാണ്. പ്രകടനത്തിന് അനുസരിച്ച് 30 കോടി മുതൽ 60 കോടി രൂപ വരെ ബോണസ് ലഭിക്കും. ഇക്വിറ്റി അവാർഡ് ഇനത്തിൽ 193 കോടി രൂപ വരെ നേടാനും  അവസരം ഉണ്ട്. 

നിക്കോൾ 2018 ൽ, ചിപ്പോട്ടിലിന്റെ സിഇഒ ആയിരുന്നപ്പോൾ കോളറാഡോയിലെ അവരുടെ ഓഫിസിലേക്ക് ഇതുപോലെയാണ് സഞ്ചരിച്ചിരുന്നത്. നിക്കോൾ ജോലിക്കു കയറി മൂന്നുമാസത്തിനു ശേഷം അവർ കലിഫോർണിയയിലേക്ക് ആസ്ഥാനം മാറ്റി.

സ്ഥാനമൊഴിയുന്ന സിഇഒ ലക്ഷ്മൺ നരസിംഹന്റെ കാലത്ത് സ്റ്റാർബക്സിന്റെ ഏറ്റവും വലിയ മാർക്കറ്റുകളായ യുഎസിലും ചൈനയിലും വൻ ഇടിവാണ് കമ്പനിക്കുണ്ടായത്. അതുകൊണ്ടുതന്നെ നിക്കോളിന്റെ വരവോടെ വൻകുതിച്ചുചാട്ടമുണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് ഇത്തരം ‘ഉദാര’ നയങ്ങൾക്ക് കമ്പനി തയാറാകുന്നതെന്നു വിലയിരുത്തപ്പെടുന്നു. നിക്കോൾ ചിപ്പോട്ടിലിൽ ഉണ്ടായിരുന്നപ്പോൾ കമ്പനിയുടെ ഓഹരിമൂല്യം 773% ആയി കുതിച്ചിരുന്നു.

English Summary:

Starbucks' CEO Brian Niccol to commute 1,600 km to work via corporate jet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com