ADVERTISEMENT

ന്യൂയോർക്∙ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തു പകർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. വ്യാഴാഴ്ച യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വച്ചത്. നേരത്തെ ചൈനയൊഴികെയുള്ള സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെയാണു ഫ്രാൻസും ഇന്ത്യക്ക് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്. 

“സുരക്ഷാ കൗൺസിൽ വിപുലീകരിക്കുന്നതിന് ഫ്രാൻസ് അനുകൂലമാണ്. സുരക്ഷാ കൗൺസിലിന്റെ പ്രവർത്തന രീതികളിൽ മാറ്റം വരുത്തണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് സുരക്ഷാ കൗൺസിലിന്റെ കാര്യക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്"– ഇമ്മാനുവൽ മക്രോ പറഞ്ഞു. യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–ഹമാസ് യുദ്ധം, ഇസ്രയേൽ–ഹിസ്ബുള്ള യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിന്റെ ആവശ്യം. ഇന്ത്യക്ക് പുറമേ ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ രാജ്യാന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിൽ യുഎൻ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ഈ ഘട്ടത്തിൽ സുരക്ഷാ സമിതിയുടെ ഫലപ്രാപ്തിയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനായി കൂടുതൽ അംഗങ്ങൾക്ക് സ്ഥിരാംഗത്വം നൽകുകയെന്ന പരിഷ്‌കാരമാണു നടപ്പാക്കേണ്ടതെന്നും മക്രോ പറഞ്ഞു. നേരത്തെ ലോക സമാധാന പരിപാലനത്തിന് ഇന്ത്യയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് യുഎൻ പൊതുസഭയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എടുത്തു പറഞ്ഞിരുന്നു.

അഞ്ച് സ്ഥിരാംഗങ്ങളുള്ള ഐക്യരാഷ്ട്രം സംഘടനയുടെ യുഎൻ സുരക്ഷാ സമിതിയിൽ, ചൈന ഒഴികെയുള്ള എല്ലാ സ്ഥിരാംഗങ്ങളും വിപുലീകരണത്തെ ഏതെങ്കിലും വിധത്തിൽ പിന്തുണച്ചിട്ടുണ്ട്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12, 2021-22 കാലഘട്ടങ്ങളിൽ സുരക്ഷാസമിതിയില്‍ ഇന്ത്യയെ താൽക്കാലിക അംഗമായി ഉൾപ്പെടുത്തിയിരുന്നു.

English Summary:

Macron Backs India for Permanent UN Security Council Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com