ADVERTISEMENT

ബെയ്റൂട്ട്∙ സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേ, തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. ‘നിയന്ത്രിതമായ രീതിയിൽ’, ‘പ്രാദേശിക പരിശോധനകൾ’ തെക്കൻ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ സ്ഥിതി ചെയ്യുന്നത് അതിർത്തിയോട് ചേർന്നുള്ള ലബനൻ ഗ്രാമങ്ങളിലാണെന്നും അവ ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നു പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു. യുഎസും യുകെയും വെടിനിർത്തലിന് അഭ്യർഥിച്ചു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ പറഞ്ഞു.

ഇസ്രയേലിനു പിന്തുണയായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ സൈനികരെ സന്ദർശിച്ചു. മധ്യപൂർവദേശത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 

English Summary:

Israel announces ground operation in Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com