‘കീരിക്കാടന്‍ ജോസ്’ ഇനി ഓർമ, പ്രിയനടൻ മോഹൻ രാജിന് വിട നൽകി നാട്

Mail This Article
തിരുവനന്തപുരം∙ കിരീടത്തിലെ വില്ലന്‍ ‘കീരിക്കാടന്‍ ജോസിനെ’ തിരശീലയില്‍ അനശ്വരനാക്കിയ അന്തരിച്ച നടന് മോഹന്‍രാജിന് നാട് വിട ചൊല്ലി. കാഞ്ഞിരംകുളത്തെ വീട്ടുവളപ്പില്‍ മോഹന്‍ രാജിന്റെ സംസ്കാരം നടന്നു. നൂറുകണക്കിനാളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.
ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച വൈകിട്ട് 5.30ന് കാഞ്ഞിരംകുളത്തെ വസതിയിലായിരുന്നു. തമിഴ്ചിത്രത്തിലൂടെ രംഗത്തെത്തിയ മോഹന്‍രാജ് 1988 ല്‍ കെ.മധു സംവിധാനം ചെയ്ത 'മൂന്നാംമുറ'യിലൂടെയാണ് മലയാളത്തില്‍ തുടക്കംകുറിച്ചത്.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഒരു ജാപ്പനീസ് ചിത്രത്തിലും വേഷമിട്ടു. 'റോഷാക്ക്' ആണ് അവസാന ചിത്രം. സൈന്യത്തിലായിരുന്ന മോഹന്‍രാജ് പിന്നീട് അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫിസറായി പ്രവര്‍ത്തിക്കുമ്പോഴാണ് 'കിരീട'ത്തില്‍ അഭിനയിച്ചത്.
തുടര്‍ന്ന് നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഭാര്യ: ഉഷ മോഹന്‍ ഹഡ്കോ ഉദ്യോഗസ്ഥയാണ്. മക്കള്‍: ജേഷ്മ (എംടെക് വിദ്യാര്‍ഥിനി, കാനഡ), കാവ്യ (ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി, ചെന്നൈ)