അതിതീവ്ര മഴ: ചെറുകിട ഡാമുകൾക്കും വേണം പുതു മാനേജ്മെന്റ് നയം
Mail This Article
അതിതീവ്ര മഴ പത്തനംതിട്ട ജില്ലയിലെ ചെറുകിട ഡാമുകളുടെ പ്രവർത്തനങ്ങൾക്കു ഭീഷണി ഉയർത്തുന്നുവോ? പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർ ബാരേജിനു മുകളിലൂടെ കഴിഞ്ഞ ദിവസം പ്രളയജലം കവിഞ്ഞൊഴുകിയതിൽ അണക്കെട്ട് മാനേജ്മെന്റ് വിദഗ്ധർ ആശങ്ക പങ്കുവച്ചു. പ്രളയ മുന്നറിയിപ്പിന് അനുസൃതമായി അധികജലം തുറന്നുവിടാൻ സംസ്ഥാനത്തെ വൻകിട ഡാമുകൾക്ക് റൂൾ കർവ് നടപ്പാക്കിയതുപോലെ ജലസേചന വകുപ്പിന്റെ ചുമതലയിലുള്ള ചെറുകിട ഡാമുകൾക്കും ബാരേജുകൾക്കുമായി ഉള്ള ഷട്ടർ ഓപ്പറേഷനൽ മാനുവൽ കാര്യക്ഷമമാക്കണമെന്ന് ഡാം മാനേജ്‌മെന്റ് വിദഗ്ധനായ ജെയിംസ് വിൽസൻ പറയുന്നു.
കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തിൽ ലോകമെമ്പാടും ഡാം മാനേജ്മെന്റ് രീതികൾ വലിയ വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്ത് ഇടുക്കി (19) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡാമുകളുള്ള (14) പത്തനംതിട്ട ജില്ല ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പമ്പാനദിക്കുവേണ്ടി തയാറാക്കിയ പ്രളയ മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം. ജില്ലാ നേതൃത്വവും ഇതു സംബന്ധിച്ച പാഠങ്ങൾ ഉൾക്കൊള്ളണം.
സ്വകാര്യ വൈദ്യുതി നിലയങ്ങളായ അള്ളുങ്കലിനും കാരിക്കയത്തിനും ഇടയിൽ പല തോടുകളും നദിയിൽ വന്നു ചേരുന്നുണ്ട്. ഇതുവഴിയുള്ള നീരൊഴുക്കും കണക്കിലെടുക്കണം. ഉൾക്കാട്ടിൽ പെയ്യുന്ന മഴയുടെ തത്സമയ വിവരം കൃത്യമായി ഡാം പ്രദേശത്ത് അറിയണമെന്നില്ല. ഇതിനാവശ്യമായ സ്വയം നിയന്ത്രിത മഴമാപിനിയും മറ്റും സ്ഥാപിച്ചെങ്കിലും ഏകോപനം പൂർണമായി വരുന്നതേയുള്ളൂ. സംയോജിത അണക്കെട്ട് ഓപ്പറേഷൻ മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാകേണ്ടതുണ്ട്.
പഴശി, മൂലത്തറ, ഭൂതത്താൻകെട്ട് തുടങ്ങി പല ബാരേജുകളും സംസ്ഥാനത്തുണ്ടെങ്കിലും ഇവയുടെ അണക്കെട്ട് മാനേജ്മെന്റ് സംവിധാനം ഇതുവരെയും ഫലപ്രദമായിട്ടില്ലെന്നതാണു സ്ഥിതി. യമുന നദിയിൽ ജലനിരപ്പ് ഉയർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും വെള്ളം കയറിയതും മണിയാറിൽ സംഭവിച്ചതു പോലെയായിരുന്നു എന്ന് ജെയിംസ് വിൽസൻ പറഞ്ഞു. കനത്ത മഴയിൽ ഓരോ അര മണിക്കൂറിലും ജലനിരപ്പ് കണക്കാക്കി തീരുമാനം എടുക്കാൻ സ്ഥിരം സംവിധാനം വേണം. സ്വകാര്യ നിലയങ്ങളെയും ഇതിൽ ഉൾപ്പെടുത്തണം.
മണിയാർ ബാരേജിന് 48 വർഷത്തെ പഴക്കം
പമ്പയുടെ കൈവഴിയായ കക്കാട്ടാറ്റിലെ ജലം നിയന്ത്രിച്ച് ഒഴുക്കി വിടാനുള്ള ബാരേജ് സംവിധാനമായ മണിയാർ 1976ലാണ് പൂർത്തിയാക്കുന്നത്. 1993 ലാണ് പമ്പാ ജലസേചന പദ്ധതി പൂർത്തീകരിച്ചതായ പ്രഖ്യാപനം വന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1675 മീറ്റർ ഉയരത്തിൽനിന്നാണ് പമ്പയുടെ ആദ്യ നീരുറവകൾ പുറപ്പെടുന്നത്. കനത്ത മഴയിൽ അതിവേഗം ശക്തമായ നീരൊഴുക്ക് കൈവഴികളിലൂടെ എത്തും. 280 ചതുരശ്ര കിലോമീറ്ററാണ് മണിയാറിന്റെ മഴപ്രദേശം. പ്രളയകാലത്ത് 1280 ക്യുമെക് ജലമാണ് എത്താൻ സാധ്യത കണക്കാക്കുന്നത്. എന്നാൽ തീവ്രമഴയെ ഉൾക്കൊള്ളാനാവശ്യമായ രീതിയിൽ കണക്കുകൾ മാറ്റി എഴുതേണ്ട സ്ഥിതിയാണ്.
ശബരിഗിരിയിൽനിന്നു വൈദ്യുതി ഉൽപ്പാദിപ്പിച്ചശേഷം അള്ളുങ്കൽ, കാരിക്കയം എന്നീ ചെറുകിട നിലയങ്ങളിൽ കൂടി വൈദ്യുതി ഉൽപാദിപ്പിച്ചതിനുശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് മണിയാറിലെത്തുന്നത്. 34.62 മീറ്റർ വരെ ഉയരത്തിൽ ഇവിടെ വെള്ളം തങ്ങി നിൽക്കും. 35.35 ആണ് പരമാവധി ശേഷി. 5 ഗേറ്റുകളും റോഡുമുണ്ട്. ഇവിടെനിന്ന് ഒരു ഭാഗം വെള്ളം തൊട്ടടുത്തുള്ള കാർബോറാണ്ടം യൂണിവേഴ്സൽ എന്ന മറ്റൊരു വൈദ്യുതി നിലയത്തിലേക്ക് തുരങ്കം വഴി വിടും. ബാക്കി വെള്ളം കക്കാട്ടാറിലേക്ക്. കൃഷി ഇറക്കുന്ന സമയത്തു മാത്രമാണ് ഇവിടെനിന്നുള്ള വെള്ളം കനാലുകളിലൂടെ തുറന്നു വിടൂ.
അതിശക്തമായ അപ്രതീക്ഷിത മഴ
കഴിഞ്ഞ ദിവസം മണിയാറിനു കിഴക്കുള്ള പ്രദേശങ്ങളിൽ വൈകുന്നേരം കനത്ത മഴ പെയ്തിരുന്നു. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ 120 മില്ലിമീറ്റർ അതിതീവ്രമഴയാണു പെയ്തിറങ്ങിയത്. ഇത്രയും വിശാലമായ ഒരു പ്രദേശത്ത് അതിശക്തമായ മഴ പെട്ടെന്ന് പെയ്തിറങ്ങുമ്പോൾ ജലനിരപ്പ് ഉയരുന്ന കാര്യം അള്ളുങ്കൽ, കാരിക്കയം നിലയങ്ങളിലെ ഓപ്പറേറ്റർമാരാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇവർ മുന്നറിയിപ്പു നൽകുന്നതോടെ മണിയാറിലെ ജലസേചന വകുപ്പ് എൻജിനീയർ വിവരം കലക്‌ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലും അവർ പെരുനാട് പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കും. ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പു നൽകുന്നത് ഈ രീതിയിലാണ്. ഇത്തവണ അറ്റകുറ്റപ്പണികൾ മൂലം വൈദ്യുതി ബന്ധം ഇല്ലാതിരുന്നതും കവിഞ്ഞൊഴുക്കിനു കാരണമായി.