ADVERTISEMENT

കൊച്ചി∙ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊതുമധ്യത്തിലുള്ളതാണെന്നും അതു റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണെന്നും ഹൈക്കോടതി. സോളർ കേസ് പ്രതിയുടെ വാർത്താസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി.വേണുഗോപാലിന്റെ പരാതിയിൽ 2 സ്വകാര്യ ചാനലുകൾക്കെതിരെ എടുത്തിരുന്ന കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ സോളർ കേസ് പ്രതിക്ക് എതിരെയുള്ള അപകീർത്തിക്കേസിൽ തങ്ങൾ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2016ൽ സോളർ കേസ് പ്രതി, വാർത്താചാനലുകൾക്ക് നൽ‍കിയ അഭിമുഖം തന്നെ താറടിച്ചു കാണിക്കാനാണെന്ന് ആരോപിച്ചാണ് കെ.സി.വേണുഗോപാൽ മാനനഷ്ടക്കേസ് നല്‍കിയത്. ചാനലകളിൽ കാണിക്കുന്ന കത്തില്‍ താൻ ലൈംഗികമായി ആക്രമിച്ചു എന്നാണ് പറയുന്നത്. തന്നെ കരിവാരിത്തേക്കാനായി ഈ അഭിമുഖം ചാനലുകളും സോളർ കേസ് പ്രതിയും ഗൂഡാലോചന നടത്തി പുറത്തുവിട്ടതാണെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചിരുന്നു. 

വാർത്താസമ്മേളനത്തിലെ കാര്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജൂഡീഷ്യൽ കമ്മിഷനെ നിയമിക്കുകയും കത്ത് കമ്മിഷനു മുൻപാകെ എത്തുകയും കമ്മിഷന്റെ നിര്‍ദേശപ്രകാരം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ കെ.സി.വേണുഗോപാലിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ല. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. മാധ്യമങ്ങളും പ്രതിയും ഒത്തുകളിച്ചു എന്ന് ആരോപിക്കുന്നതിനപ്പുറം ഇത് തെളിയിക്കാനാവശ്യമായതൊന്നും ഹാജരാക്കാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജെഎം കോടതി മുൻപാകെയുള്ള കേസ് റദ്ദാക്കിയതായി ഹൈക്കോടതി വ്യക്തമാക്കിയത്.

English Summary:

High Court Upholds Media Freedom: Reporting Press Conferences is Journalists' Duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com