ആദ്യ ചാട്ടത്തിൽ വീണത് ആഴമില്ലാത്തിടത്ത്; എഴുന്നേറ്റ് നടന്ന് കയത്തിലേക്ക് വീണ്ടും ചാടി ആത്മഹത്യ
Mail This Article
റാന്നി∙ റാന്നി പാലത്തിൽ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താഴെ പമ്പാ നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് ആദ്യം കണ്ടത്. ജെയ്സൻ ആദ്യം വീണിടത്ത് ആഴം കുറവായിരുന്നു. ഇതോടെ എഴുന്നേറ്റ് നടന്ന ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോയി. തുടർന്ന് ഇവിടേക്ക് ചാടി. ഇതോടെ കണ്ടുനിന്നവർ വിവരം പൊലീസിൽ അറിയിച്ചു.
തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ ഓടിയെത്തുമ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും എത്തി നടത്തിയ തിരച്ചിലിൽ ജെയ്സന്റെ മൃതദേഹം കണ്ടെത്തി. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോതിരവയലിൽ ആണ് ഇയാൾ താമസിച്ചിരുന്നത്. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)