നാടോടിസംഘത്തിലേക്ക് ലോറി പാഞ്ഞുകയറി ദുരന്തം, ഭരണഘടനയ്ക്ക് 75 വയസ് ; ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടിസംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി 5 പേർ മരിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു. അറസ്റ്റിലായ ഭർത്താവ് രാഹുൽ പി. ഗോപാലിനെ കോടതി റിമാൻഡ് ചെയ്തു.
ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷത്തിന്റെ ഭാഗമായി 75 രൂപയുടെ നാണയം പുറത്തിറക്കി.
ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോഴിക്കോട് പോസ്റ്ററുകൾ പതിച്ചു. ബിജെപിയിൽ ‘കുറുവാസംഘം’ എന്നാരോപിച്ചാണ് പോസ്റ്ററുകൾ.
പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ അപ്പീൽ സുപ്രീംകോടതി തള്ളി. സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് തള്ളിയത്.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹർജി നാളെ പരിഗണിക്കും.
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സർക്കാരിന്റെ കാലാവധി ഇന്ന് അർധരാത്രിയോടെ അവസാനിക്കും.