ADVERTISEMENT

സാമൂഹികസുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ ധനവകുപ്പ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. കോട്ടയ്ക്കല്‍ നഗരസഭയില്‍ തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണു നിര്‍ദേശം നല്‍കിയത്.

ഇതിനിടെ ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി.  സര്‍വകലാശാലകളില്‍ സംഘപരിവാറിനു വേണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമനങ്ങള്‍ നടത്തുന്നതെന്നും ഹൈക്കോടതി വിധി ഉള്‍പ്പെടെ ലംഘിച്ച് എല്ലാ സീമകളും കടന്നാണ് ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി വന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം നിയമനം നടത്തിയത് ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട നടപടികൾ ജനുവരി എട്ടുവരെ നിർത്തിവയ്ക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതി വിധി വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നാണ് നിർദേശം.

റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രെയ്നിലെ വൈദ്യുതി ഉൽ‌പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണയ്ക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ’’ – ബൈഡൻ പറഞ്ഞു.

English Summary:

Todays recap 29 november 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com