‘നമ്മൾ സ്നേഹത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു; ബിജെപി വെറുപ്പിന്റെ രാഷ്ട്രീയവും’
Mail This Article
കോഴിക്കോട്∙ വയനാട്ടിൽ എന്തു ദുരന്തം ഉണ്ടായാലും അർഹതപ്പെട്ടത് നൽകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് രാഹുൽ പ്രസംഗം തുടങ്ങിയത്.
‘‘കേരളത്തിലെ ജനങ്ങൾ എങ്ങനെയാണു വയനാട്ടിലെ ദുരന്തബാധിതരെ സഹായിച്ചതെന്ന് നമുക്കറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘കഫെ ജൂലൈ 30’. ദുരന്തത്തിൽ 11 പേരെ നഷ്ടമായ നൗഫൽ കുറച്ചു ദിവസം മുൻപാണ് ‘ജൂലൈ 30’ എന്ന പേരിൽ ഒരു കഫെ ആരംഭിച്ചത്. അടുത്ത തവണ വരുമ്പോൾ ഞാൻ ആ കഫേയിൽ പോയി അവർക്ക് പിന്തുണ കൊടുക്കും. അതുവഴി പോകുമ്പോൾ നിങ്ങൾ എല്ലാവരും അവിടെ കയറണം. അവിടെനിന്ന് ഒരു കാപ്പി കുടിക്കണം.’’ – രാഹുൽ ഗാന്ധി പറഞ്ഞു.
‘‘നമ്മൾ സ്നേഹത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ ബിജെപി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം വെറുപ്പിനെയും വിദ്വേഷത്തെയും വർഗീയതയെയും കുറിച്ചാണ് സംസാരിക്കുന്നത്. നമ്മൾ വിനയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ അഹങ്കാരത്തോടെയാണ് ജനങ്ങളുമായി ഇടപെടുന്നത്. ഇത് ആശയപരമായ പോരാട്ടമാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ അദാനിയെ മാത്രം പ്രത്യേകമായി പരിഗണിക്കണമെന്നാണ് നരേന്ദ്രമോദി പറയുന്നത്. ഇ.ഡിയും സിബിഐയും അടക്കം എല്ലാ അന്വേഷണ ഏജൻസികളും അവരുടെ കയ്യിലുണ്ട്. എന്നാൽ ജനങ്ങളുടെ ഹൃദയം ഞങ്ങളിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.’’ – രാഹുൽ ഗാന്ധി പറഞ്ഞു.
പോരാട്ടം വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി: പ്രിയങ്ക ഗാന്ധി
വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പാർലമെന്റിലുള്ളതെന്ന് പ്രിയങ്ക ഗാന്ധി എംപി. പാർലമെന്റിൽ താൻ ഉയർത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായിരിക്കും. നിങ്ങൾ എന്തു നൽകിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നുവെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.
‘‘ബിജെപിയുടെ പെരുമാറ്റത്തിൽ യാതൊരുവിധ രാഷ്ട്രീയ മര്യാദയുമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള അടിസ്ഥാനപരമായ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിർത്തുന്ന അടിസ്ഥാന മൂല്യങ്ങൾക്കു വേണ്ടിയാണ്. വയനാട് മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാം. പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ പോരാടും. ജനങ്ങൾക്ക് ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി എന്റെയടുത്ത് വരാം.’’ – പ്രിയങ്ക പറഞ്ഞു.
പൊള്ളുന്ന വെയിൽ വകവയ്ക്കാതെ നൂറുകണക്കിനാളുകളാണ് രാഹുലിനേയും പ്രിയങ്കയേയും കാത്തുനിന്നത്. മുക്കത്തെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് തിരിച്ചു പോയി. പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത ശേഷം നാളെ വൈകിട്ട് ഡൽഹിക്കു മടങ്ങും.