‘രാജിവയ്ക്കില്ല, പ്രസിഡന്റായി തുടരും’: ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി ഉടനെന്ന് മക്രോ
Mail This Article
പാരിസ് ∙ ഫ്രാൻസ് രാഷ്ട്രീയ അരാജകത്വത്തിലേക്കു നീങ്ങുന്നതു തടയാൻ വരും ദിവസങ്ങളിൽ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നു പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷെൽ ബാർന്യേയുടെ സർക്കാർ പുറത്താക്കപ്പെട്ടതോടെ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജിവയ്ക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളിയ മക്രോ, താൻ പ്രസിഡന്റ് പദവിയിൽ തുടരുമെന്നും അറിയിച്ചു.
‘‘വരും ദിവസങ്ങളിൽ ഞാൻ ഒരു പ്രധാനമന്ത്രിയെ നിയമിക്കും. പൊതുജന താൽപര്യം കണക്കിലെടുത്തുള്ള സർക്കാർ രൂപീകരിക്കുകയാകും അദ്ദേഹത്തിന്റെ ദൗത്യം. ബജറ്റ് പാസാക്കുന്നതിന് മുൻഗണന നൽകും. ക്രിസ്മസ് അവധിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബജറ്റിനെയും സർക്കാരിനെയും അട്ടിമറിക്കാൻ മനപ്പൂർവം ചിലർ ഇടപെട്ടു. പുതിയ സർക്കാർ നിലവിൽ വരും വരെ ബാർന്യേയും അദ്ദേഹത്തിന്റെ മന്ത്രിമാരും ചുമതലകളിൽ തുടരും.’’ – മക്രോ പറഞ്ഞു.
ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പ്രധാനമന്ത്രി മിഷെൽ ബാർന്യോയ്ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷ പാർട്ടികൾ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർഎൻ) പിന്തുണച്ചു. മൂന്നു മാസത്തില്‍ താഴെ മാത്രമാണ് മിഷേല്‍ ബാർന്യോ പ്രധാനമന്ത്രി പദത്തിലിരുന്നത്. 1962നു ശേഷം ഫ്രാൻസിൽ ആദ്യമായാണ് ഒരു സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത്. ആധുനിക ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായ ബാർന്യോ(73), അധികാരമേറ്റ് 3 മാസത്തിനകം രാജിവയ്ക്കേണ്ടി വന്നതോടെ രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി കൂടിയായി.