ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിരത്തുകളില്‍ ഏതെങ്കിലും കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടാൽ ആദ്യം ഉയരുന്ന ചോദ്യം ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടോ എന്നും അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഏതു തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും എന്നുമാണ്. ആകെയുള്ള ബസുകളില്‍ വളരെ കുറച്ച് എണ്ണത്തിനു മാത്രമാണ് മോട്ടര്‍ വാഹന നിയമപ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളത്. മൂന്നിലൊന്നു കെഎസ്ആര്‍ടിസി ബസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് നിരത്തില്‍ ഓടുന്നത്. 

ഒക്‌ടോബറില്‍ കോഴിക്കോട് തിരുവമ്പാടിയില്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന് ഇന്‍ഷുറന്‍സ് ഇല്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി കെഎസ്ആര്‍ടിസിക്ക് ഇല്ല എന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വിചിത്ര മറുപടി നല്‍കിയത് ചര്‍ച്ചയായിരുന്നു. അങ്ങനെ ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയില്‍ 5089 ബസുകളും 444 സ്വിഫ്റ്റ് ബസുകളുമുണ്ട്. 2024 നവംബറിലെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസി 4534 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആകെയുള്ള ബസുകളില്‍ 1902 കെഎസ്ആര്‍ടിസി ബസുകള്‍ക്കു മാത്രമാണ് മോട്ടര്‍ വാഹന നിയമപ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളത്. 444 സ്വിഫ്റ്റ് ബസുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്. അതേസമയം കെഎസ്ആര്‍ടിസിക്ക് മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പ് 146(3)സി പ്രകാരമുള്ള പരിരക്ഷ ഉണ്ടെന്നും കെഎസ്ആര്‍ടിസിയും സംസ്ഥാന മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ബസ് അപകടത്തിപ്പെട്ടാൽ, ബന്ധപ്പെട്ട മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളുടെ അവാര്‍ഡിനും അപ്പീലുള്ള പക്ഷം മേല്‍ക്കോടതികളുടെ വിധിക്കും അനുസൃതമായി നഷ്ടപരിഹാരം അപകടത്തില്‍ മരിക്കുന്നവരുടെ അനന്തരാവകാശികള്‍ക്കു ലഭിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 3239 ഓര്‍ഡിനറി ബസുകള്‍, ഫാസ്റ്റ് പാസഞ്ചര്‍ - 1150, സൂപ്പര്‍ഫാസ്റ്റ് - 349, സൂപ്പര്‍ എക്‌സ്പ്രസ് - 39, സൂപ്പര്‍ ഡീലക്‌സ് - 119, എ.സി - 193 എന്നിങ്ങനെയാണ് കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ എണ്ണം. 

മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പ് 146(3)സി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ നിബന്ധനകളില്‍ ഇളവു നല്‍കിയിട്ടുണ്ട്. ഇതാണ് ഇന്‍ഷുറന്‍സ് ഇല്ലാതെ ബസുകള്‍ ഓടിക്കുന്നതിന് കെഎസ്ആര്‍ടിസിയും മോട്ടര്‍വാഹന വകുപ്പും പറയുന്ന ന്യായം. അതേസമയം, ഇന്‍ഷുറന്‍സ് ഇല്ലാത്ത മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ കര്‍ശന നടപടിയാണ് മോട്ടര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു ഒക്‌ടോബറില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 1988ലെ മോട്ടര്‍ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെഎംവിആര്‍ 391 എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണിത്. അപകടത്തിൽപ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി രേഖാമൂലം തന്നെ ആര്‍ടിഒ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അപകടത്തിൽപ്പെടുന്ന ഇൻഷുറൻസ് ഇല്ലാത്ത വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശവും നിലവിലുണ്ട്.

English Summary:

KSRTC insurance ; Insurance is a major concern as a significant portion of KSRTC buses operate without it, leaving passengers vulnerable in case of accidents. Let's look at the legal implications and compensation options available to victims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com