ദിലീപിനെതിരെ തെളിവില്ലെന്ന പ്രസ്താവന: മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ അതിജീവിത; കോടതിയലക്ഷ്യ ഹര്‍ജി നല്‍കി
Mail This Article
കൊച്ചി∙ തന്നെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കേസിൽ ദിലീപിനെതിരെ തെളിവുകളില്ല എന്ന തരത്തിൽ, ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.
കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് അന്തിമവാദം ആരംഭിക്കാനിരിക്കെയാണു നടപടി. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഇന്നലെ കത്ത് അയച്ചിരുന്നു.
2018 മാർച്ച് 8ന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമ വാദത്തിന്‍റെ നടപടികൾ ഒരു മാസം കൊണ്ടു പൂർത്തിയായേക്കും. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.