ഷാൻ വധക്കേസ്: ഒളിവിൽ പോയ അഞ്ച് പ്രതികളെ പൊലീസ് പഴനിയിൽനിന്നു പിടികൂടി

Mail This Article
ആലപ്പുഴ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികളെ പൊലീസ് പഴനിയിൽവച്ചു പിടികൂടി. കേസിൽ രണ്ടു മുതൽ ആറു വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനേഷ് എന്നിവരെയാണു മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നു കുറ്റപത്രത്തിൽ പറയുന്ന അഞ്ച് പ്രതികളുടെയും ജാമ്യം ഡിസംബർ 11നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. 17ന് ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി പ്രതികൾക്കായി വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഒരു വർഷം മുൻപു വിചാരണക്കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്നാണു ജാമ്യം റദ്ദാക്കിയത്.