ADVERTISEMENT

കൊച്ചി∙ ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.

നടിയുടെ ചിത്രം മോശമായ രീതിയിൽ തംബ്നെയിൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ബോച്ചെയ്ക്ക് എതിരെ പരാതി നൽകിയ വിവരം നടി തന്റെ സമൂഹമാധ്യമ പേജുകൾ വഴിയാണു പുറത്തുവിട്ടത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിർദേശപ്രകാരമാണു പരാതി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സെൻട്രൽ സ്റ്റേഷനിലെത്തി പരാതി കൈമാറിയത്.

‘‘ബോബി ചെമ്മണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.’’–  ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഹണി റോസ് ഫെയ്സ്ബുക്കിലിട്ട കുറിപ്പിനു താഴെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയ 30 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നാലെ ഇൻസ്റ്റഗ്രാം പേജിലും അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുന്നുണ്ട്. യുട്യൂബ് ചാനലുകകളും കുടുങ്ങിയേക്കും.

നാലു മാസം മുൻപു നടന്ന ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണൂർ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നെന്ന് ഇതിൽ ഹണി റോസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ താൻ മുന്നോട്ടു പോകുമെന്നും പ്രതികരിക്കാൻ അറിയാത്തതിനാൽ അല്ല നിശബ്ദയായിരുന്നത് എന്നും അവർ പറഞ്ഞിരുന്നു.

English Summary:

Honey Rose Complaint: Honey Rose Filed Complaint Against Boby Chemmanur in Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com