ദ്വയാർഥം എന്നോടു വേണ്ട, അന്ന് പ്രതികരിക്കാതിരുന്നത് മൗനാനുവാദവുമല്ല; ബോച്ചെയോട് ഹണി റോസിന് പറയാനുണ്ട്
Mail This Article
ബോബി ചെമ്മണ്ണൂരിനെതിരെയുള്ള തന്റെ അനിഷ്ടവും വിയോജിപ്പും തുറന്നു പറഞ്ഞ് നടി ഹണി റോസ്. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ തന്നെ‘കുന്തിദേവി’ എന്ന് ബോബി ചെമ്മണ്ണൂർ വിളിച്ചതിലുള്ള തന്റെ അനിഷ്ടം വേദിയിൽ വച്ച് പ്രകടിപ്പിക്കാതിരുന്നത് ഉദ്ഘാടനത്തിന് വിളിച്ചവരോടുള്ള ആദരവ് കാരണമാണെന്ന് ഹണി റോസ് പറഞ്ഞു. വീട്ടിലെത്തിയതിനു ശേഷം പ്രോഗ്രാം കോർഡിനേറ്ററെ വിളിച്ച് തനിക്കുള്ള എതിർപ്പ് പറയാൻ ഏർപ്പെടുത്തിയെന്നും ഇനി മുതൽ ഇദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിയിലും താൻ ഉണ്ടാകില്ല എന്ന് തീരുമാനിച്ചുവെന്നും ഹണി റോസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ കമന്റുകൾ പറയുന്നതും തന്റെ പേര് വലിച്ചിഴക്കുന്നതും തുടരുന്നതുകൊണ്ടു നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നും ഹണി റോസ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മുൻപ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറയാതിരുന്നത് ഭയം കൊണ്ടല്ല. നിയമപ്രശ്നങ്ങൾ പരിഗണിച്ചാണ് അത്തരമൊരു കാര്യത്തിൽ ശ്രദ്ധ പുലർത്തിയത്. അതുകൊണ്ടാണ് മുൻപ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ ഇരുന്നതെന്നും ഹണി റോസ് വെളിപ്പെടുത്തി.
അന്ന് സംഭവിച്ചത്
ഇദ്ദേഹം ഉടമസ്ഥനായ ജ്വലറിയുടെ ഉദ്ഘാടനങ്ങൾ കുറെ കാലങ്ങളായി ഞാൻ ചെയ്യുന്നുണ്ട്. എന്നോട് ഇതുവരെയും വളരെ നല്ല രീതിയിലേ പെരുമാറിയിട്ടുള്ളൂ. പക്ഷേ, മൂന്നുനാലു മാസം മുൻപ് അവരുടെ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ ഞാൻ പോയി. അതിന്റെ വിഡിയോകളൊക്കെ ഒരുപാട് വൈറൽ ആയിരുന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയാണ് അത്. ഒരുപാട് മാധ്യമപ്രവർത്തകരും വന്നിരുന്നു. ഞാനും ബോബി ചെമ്മണ്ണൂരും ഉൾപ്പടെയുള്ള ആളുകൾ സ്റ്റേജിൽ നിൽക്കുന്നുണ്ട്. വയനാട് ദുരന്തം ഒക്കെ കഴിഞ്ഞ സമയമാണ്. ഇദ്ദേഹം കുറെ കാരുണ്യപ്രവർത്തനങ്ങൾ ചെയ്തു എന്നൊക്കെ അവിടെ പറയുകയുണ്ടായി. ഇദ്ദേഹത്തിനോട് ഒരു മാധ്യമപ്രവർത്തകൻ, ‘ഹണി റോസിനെപ്പറ്റി എന്താണ് പറയാനുള്ളത് ബൊച്ചെ’ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞത് ‘ഹണി റോസിനെ കാണുമ്പോൾ എനിക്ക് കുന്തീദേവി ആയിട്ടാണ് തോന്നുന്നത്’ എന്നാണ്. അതുപറഞ്ഞിട്ട് എന്തൊക്കെയോ പറഞ്ഞു.
സത്യം പറഞ്ഞാൽ ആ സമയത്ത് എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല. അതുകഴിഞ്ഞ് ആ വിഡിയോകൾ വൈറലായി. പുള്ളി ഡബിൾ മീനിങ് ആണ് പറഞ്ഞത് എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. ഞാൻ ആ സ്റ്റേജിൽ വച്ച് അതു ചോദിച്ചാൽ, ‘എന്താണ് ഹണി! അതൊരു പുരാണത്തിലെ കഥാപാത്രമല്ലേ എന്ന് ചോദിക്കും’. ഡബിൾ മീനിങ്ങിന്റെ ഏറ്റവും വലിയ പ്രശ്നം അതാണ്. ആ പ്രയോഗത്തിന് രണ്ട് അർഥം കാണും. അത് ആൾക്കാർ വളച്ചൊടിച്ചതാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, ആ പ്രസംഗം മനഃപൂർവം നേരത്തെ തന്നെ എഴുതികൊണ്ടു വന്നതാണെന്ന് പിന്നീട് ആർക്കു കേട്ടാലും മനസ്സിലാകും. പുള്ളിക്ക് ഒരു കുഴപ്പവും വരാൻ പാടില്ല. എന്നാൽ മുന്നിൽ നിൽക്കുന്ന സ്ത്രീയെ അവഹേളിക്കുകയും വേണം.
ഇത്രയും മോശം അനുഭവം ആദ്യമായി
അവിടെ വച്ച് ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നു കരുതി ഞാൻ ഒന്നും പറഞ്ഞില്ല. നമ്മളെ ഒരു നല്ല കാര്യത്തിനാണ് വിളിച്ചിരിക്കുന്നത്. അത് നമ്മളിൽ നിന്നു വരുന്ന മോശം പെരുമാറ്റം കൊണ്ട് നെഗറ്റിവ് ആയി പോകാൻ പാടില്ല. മാത്രമല്ല ഞാൻ ഇന്നുവരെ ആരോടും മോശമായി സംസാരിച്ചിട്ടില്ല. നമ്മൾ എന്തെങ്കിലും പറഞ്ഞാലും പിന്നീട് അതൊരു വലിയ ചർച്ചയായി, വാർത്തയായി മാറും. അതിനു വേണ്ടി അല്ലല്ലോ ഞാൻ പോകുന്നത്. വളരെ പോസിറ്റിവിറ്റിയും സന്തോഷവും പകർന്നു കൊടുക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്രയും മോശം അനുഭവം നേരിട്ട മറ്റൊരു പരിപാടി ഉണ്ടായിട്ടില്ല.
ആവർത്തിക്കുന്ന സംഭവങ്ങൾ
ആ പ്രോഗ്രാം കഴിഞ്ഞു വീട്ടിൽ വന്നിട്ട് എനിക്ക് അയാളുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, അത് അവരെ വിളിച്ച് അറിയിക്കണം എന്നു ഞാൻ പറഞ്ഞു. പ്രോഗ്രാമിന് വിളിക്കുന്നത് കോർഡിനേറ്റർ ആണ് അല്ലാതെ ഈ വ്യക്തിയുമായി നേരിട്ട് ഒരു ബന്ധവും ഇല്ല. ഞാൻ സ്റ്റേജിൽ വരുന്ന സമയത്ത് മാത്രമാണ് ഇദ്ദേഹത്തെ കാണുന്നതും സംസാരിക്കുന്നതും. ഇനി മുതൽ ഈ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഞാൻ ചെയ്യില്ല എന്നു തന്നെ തീരുമാനിച്ചു. പണം കിട്ടുന്നതാണെങ്കിലും ഇത്രയും അന്തസ്സില്ലാത്ത പരിപാടിക്ക് പോകേണ്ട എന്നു ഞാൻ തീരുമാനിച്ചു. ഇതുകഴിഞ്ഞ് ഞാൻ ഉദ്ഘാടനം ചെയ്യുന്ന ഒരു പരിപാടിക്ക് ഈ വ്യക്തി ഗസ്റ്റ് ആയി വന്നു. ഇദ്ദേഹം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പോകില്ലായിരുന്നു. ഇദ്ദേഹം ഉള്ള സ്റ്റേജ് ഒഴിവാക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
പക്ഷേ അവിടെ ചെന്നപ്പോഴാണ് ഞാൻ ഇദ്ദേഹത്തെ കണ്ടത്. അന്നും സംസാരിച്ചപ്പോൾ ഇദ്ദേഹം ഡബിൾ മീനിങ്ങിൽ എന്തൊക്കെയോ പറഞ്ഞു. പക്ഷേ, എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും നേരിട്ട് പറഞ്ഞാൽ ഞാൻ അവിടെ വച്ച് തന്നെ പ്രതികരിക്കും എന്ന് തന്നെ തീരുമാനിച്ചിരുന്നു. ആ വ്യക്തിയുടെ പെരുമാറ്റങ്ങൾ വല്ലാത്തൊരു ബുദ്ധിമുട്ടിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. അന്ന് എന്നെപ്പറ്റി ഒന്നും പറഞ്ഞില്ല എങ്കിലും അതൊരു ജിം ആയിരുന്നു. പുള്ളി ഒരു ദ്വയാർഥ ഡയലോഗ് പറഞ്ഞ് പൊട്ടി ചിരിക്കുന്നു, എന്നിട്ട് എന്നെ നോക്കുന്നു. ഞാൻ മൈൻഡ് ചെയ്യാതെ നിന്നു. മറ്റാരും ചിരിക്കുന്നില്ല. ഇദ്ദേഹത്തിന് എന്താണ് കുഴപ്പം എന്നാണ് ഞാൻ ആലോചിച്ചത്.
എന്റെ അറിവോടെയല്ല ഇതൊന്നും
എന്നെ മാത്രമല്ല ഇതിനുശേഷം ഉദ്ഘാടനത്തിനു ചെന്ന നടിമാർക്കെല്ലാം എതിരെ ഭീകരമായ ഡബിൾ മീനിങ് ആണ് ഇദ്ദേഹം പറയുന്നത്. നമ്മുടെ മൗനാനുവാദത്തോടെയാണ് ഇദ്ദേഹം സംസാരിക്കുന്നത് എന്നാണ് ആളുകൾ വിചാരിക്കുന്നത്. പക്ഷേ, അത് അങ്ങനെ അല്ല എന്ന് എനിക്ക് പറഞ്ഞേ തീരൂ. ഈ പരിപാടികളുടെ റീൽസ് ഇടുന്നതും ഇദ്ദേഹത്തിന്റെ വാക്കുകൾ ചേർത്തുകൊണ്ടാണ്. എനിക്ക് കൊളാബ് വരുമ്പോൾ ഞാൻ അത് സ്വീകരിക്കാറില്ല.
ഇനി ക്ഷമിക്കാൻ കഴിയില്ല
അടുത്തിടെ ഈ വ്യക്തിയുടെ ഒരു പരിപാടി കൂടി എനിക്ക് വന്നു, ഞാൻ അത് ഏറ്റെടുത്തില്ല. നല്ല പ്രതിഫലം ഉണ്ടെങ്കിലും ഞാൻ ഇനി ഒരിക്കലും ഇദ്ദേഹത്തിന്റെ പരിപാടികൾ ഏറ്റെടുക്കില്ല. അതിന്റെ കാരണം കൂടി ഈ വ്യക്തിയെ അറിയിക്കണം എന്നുപറഞ്ഞാണ് ഞാൻ ഫോൺ വച്ചത്. അത് പിന്നീട് മറ്റൊരു നടി ആണ് ചെയ്തത്. ഈ കഴിഞ്ഞ ദിവസം ഈ വ്യക്തി ഒരു ഇന്റർവ്യൂ കൊടുത്തിരിക്കുന്നത് കേട്ടു, ‘ഹണി റോസിനെ ഞാൻ കുന്തീദേവി എന്ന് വിളിച്ചു. അത് നിങ്ങൾക്ക് ഏതു തരത്തിൽ വേണമെങ്കിലും എടുക്കാം. ഞാൻ നല്ല സെൻസിൽ ആണ് വിളിച്ചത്. നിങ്ങൾ എടുക്കുന്നത് നിങ്ങളുടെ ചിന്ത പോലെ ഇരിക്കും. ഞാൻ ജമിനി ആണ് അതുകൊണ്ടു ഞാൻ ഇങ്ങനെയൊക്കെയേ സംസാരിക്കൂ’. പിന്നെ വീണ്ടും പറഞ്ഞിരിക്കുകയാണ് ‘എന്നോട് ഒത്തിരിപ്പേര് ചോദിക്കും ഹണി റോസിനെ കിട്ടുമോ, ഹണി റോസിനോടൊപ്പമാണോ ഹോട്ടലിൽ താമസിച്ചത് എന്നൊക്കെ. പക്ഷേ, നിങ്ങൾ അതൊക്കെ വെറുതെ ചിന്തിച്ചുകൂട്ടുന്നതാണ്. ഈ നടിമാർ ഒന്നും അങ്ങനെ അല്ല,’ എന്നൊക്കെ പറഞ്ഞ് വളരെ മോശമായ രീതിയിൽ ഇന്റർവ്യൂ കൊടുത്തിരിക്കുകയാണ്. എന്തിനാണ് അയാൾ എന്റെ പേര് എല്ലായിടത്തും വലിച്ചിഴക്കുന്നത് എന്നാണ് ഞാൻ അതിശയിക്കുന്നത്. എന്റെ പേര് എല്ലായ്പ്പോഴും എടുത്ത് ഉപയോഗിക്കാൻ ഈ വ്യക്തിക്ക് യാതൊരു അവകാശവുമില്ല. ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് ഈ സംസാരിക്കുന്നത്. ഇക്കാര്യത്തിൽ എന്റെ എല്ലാ ബുദ്ധിമുട്ടുകളും എന്റെ പ്രതിഷേധവും അറിയിക്കാനാണ് ഞാനിപ്പോൾ സംസാരിക്കുന്നത്.
നിയമനടപടിയുമായി മുന്നോട്ട്
സ്ത്രീകൾക്കെതിരെ ഡബിൾ മീനിങ്ങിൽ കമന്റ് പറയുന്നതിലും എന്റെ പേര് വലിച്ചിഴക്കുന്നതിലും എനിക്ക് വിജോയിപ്പുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം ഇനിയും തുടരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇത് ഒരു സാമൂഹികപ്രസക്തിയുള്ള വിഷയം തന്നെയാണ്. ഡബിൾ മീനിങ് പറഞ്ഞാൽ അത് കേൾക്കാൻ കുഴപ്പമില്ലാത്തവരോട് പറയട്ടെ, എനിക്ക് അങ്ങനെ അല്ല. എന്നെപ്പറ്റി മോശമായും ഡബിൾ മീനിങ് ഉള്ള വാക്കുകൾ പറയുമ്പോൾ പല തവണ നമ്മുടെ എതിർപ്പ് അറിയിച്ചിട്ടും, അവരുടെ പരിപാടികൾ ഇനി ചെയ്യില്ല എന്ന് പറഞ്ഞു മാറി നിന്നിട്ടും പിന്നാലെ നടന്ന് എന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രവർത്തി ഇദ്ദേഹം തുടരുകയാണ്. ഇത് കേട്ട് ഇനിയും മിണ്ടാതിരിക്കാൻ സാധിക്കില്ല.
തുടർച്ചയായി എന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ പറയുകയും സമൂഹമാധ്യമങ്ങളിൽ എന്റെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ട് ഞാൻ ഈ വ്യക്തിക്കെതിരെ നിയമപരമായി നീങ്ങാൻ തന്നെ തീരുമാനിച്ചു. ഇന്ന് ഞാൻ ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. ഇതേ മാനസിക നിലയുള്ള വ്യക്തികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. എനിക്ക് നീതി ലഭിക്കുന്നതുവരെ ഞാൻ പോരാടും. ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.