പ്ലാറ്റ്‌ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനിനും ഇടയിൽപ്പെട്ടു; യുവാവിനു ഗുരുതര പരുക്ക്

Mail This Article
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനിനും ഇടയിൽപ്പെട്ടു യുവാവിനു ഗുരുതര പരുക്ക്. തമിഴ്നാട് കടലൂർ സ്വദേശി ലതീഷിന് ആണു പരുക്കേറ്റത്. ശനിയാഴ്ച രാത്രി ഒൻപതോടെ കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം.
ലതീഷ് വടക്കാഞ്ചേരിയിൽ നിന്നു സേലത്തേക്കു പോകുകയായിരുന്നുവെന്നാണ് സൂചന. ഒറ്റപ്പാലത്തെത്തിയപ്പോൾ പുറത്തിറങ്ങിയ യുവാവ് തിരിച്ച് ഓടിത്തുടങ്ങിയ ട്രെയിനിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നു കരുതുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.