‘ഒരു കുട്ടിയിൽ പ്രസവം നിർത്തരുത്; 4 മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം’
Mail This Article
ഭോപാൽ ∙ നാലു മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാരിനു കീഴിലെ ബോർഡ്. പരശുരാമ കല്യാൺ ബോർഡിന്റെ പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ വിഷ്‌ണു രജോരിയയുടേതാണ് പ്രഖ്യാപനം. താൻ ബോർഡ് പ്രസിഡന്റായാലും അല്ലെങ്കിലും ഈ തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
‘‘പ്രസവിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകരുത്. അല്ലെങ്കിൽ നിരീശ്വരവാദികൾ രാജ്യം പിടിച്ചെടുക്കും. നിരീശ്വരവാദികളുടെയും മതത്തെ ധിക്കരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. കുടുംബങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുറഞ്ഞതിന്റെ അനന്തരഫലമാണിത്.
യുവാക്കളിൽ വലിയ പ്രതീക്ഷയുണ്ട്. പ്രായമായവരിൽ നിന്ന് നമുക്ക് കൂടുതൽ പ്രതീക്ഷിക്കാനാവില്ല. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങൾ ഉത്തരവാദികളാണ്. ഒരു കുട്ടിയിൽ പ്രസവം നിർത്തുന്നത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാലു മക്കളെങ്കിലും വേണം’’ – മന്ത്രി പറഞ്ഞു. തന്റെ പ്രഖ്യാപനം വ്യക്തിപരമാണെന്നും സർക്കാർ നയമല്ലെന്നുമാണ് വിഷ്ണു രജോരി പിന്നീട് വ്യക്തമാക്കിയത്.