‘കിടപ്പിലായ അച്ഛൻ പത്മാസനത്തില്‍, പുലര്‍ച്ചെ വരെ പൂജ, സമാധി’: മായുമോ കല്ലറയിലെ ദുരൂഹത?

Mail This Article
തിരുവനന്തപുരം∙ ‘ഗോപന്‍ സ്വാമി സമാധിയായി’ - ഒരാഴ്ച മുന്‍പ് നെയ്യാറ്റിന്‍കരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ ഉയര്‍ന്നുവന്ന, കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിനാണ് ഇന്നു കല്ലറ തുറന്നതോടെ ഏറെക്കുറെ വിരാമമായത്. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപനെ കാണാനില്ലെന്ന കേസാണു പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. കല്ലറയിലെ മൃതദേഹം ഗോപന്റെ തന്നെയാണെന്നു കൗണ്‍സിലര്‍ ഉള്‍പ്പെടെ സ്ഥിരീകരിച്ചതോടെ ആ പ്രശ്‌നം അവസാനിച്ചു. ഇനി ഗോപന്‍ എങ്ങനെയാണ് മരിച്ചതെന്നു തിരിച്ചറിയാനുള്ള പോസ്റ്റ്‌മോര്‍ട്ടമാണ് നടക്കുന്നത്.
മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെങ്കില്‍ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും. ഇതോടെ നാട്ടുകാര്‍ ഉന്നയിച്ച സംശയത്തിന്റെ കരിനിഴല്‍ കുടുംബത്തിന്റെ മുകളിൽനിന്ന് ഒഴിവാകും. ഏതെങ്കിലും തരത്തിലുളള അസ്വാഭാവികത കണ്ടെത്തിയാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. സമാധാനപരമായി കല്ലറ തുറന്നു മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ കഴിഞ്ഞതു പൊലീസിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമായി.
കഴിഞ്ഞ ദിവസം കല്ലറ തുറക്കാനെത്തിയപ്പോള്‍ കുടുംബത്തിന്റെയും ചില സംഘടനകളുടെയും ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ സന്നാഹമാണ് ഇന്നു പുലര്‍ച്ചെ തന്നെ ഒരുക്കിയിരുന്നതെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജി പറഞ്ഞു. ആറു മണിയോടെ വനിതാ പൊലീസ് ഉള്‍പ്പെടെ നൂറോളം പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം ഗോപന്റെ ഭാര്യ സുലോചന ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നത് കണക്കിലെടുത്താണു വനിതാ പൊലീസിനെയും എത്തിച്ചത്. ഏഴു മണി കഴിഞ്ഞപ്പോള്‍ മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ 2 മണിക്കൂര്‍ നീണ്ടുവെന്നും ഡിവൈഎസ്പി പറഞ്ഞു.
കല്ലറ തുറന്നു പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ കുടുംബത്തിന്റെയും മറ്റു സംഘടനകളുടെയും പ്രതിഷേധം ഒതുങ്ങിയിരുന്നു. ഇന്നു രാവിലെ പൊലീസ് എത്തിയപ്പോള്‍ കുടുംബം എതിര്‍പ്പ് അറിയിച്ചെങ്കിലും ഡിവൈഎസ്പിയും സബ് കലക്ടറും ചേര്‍ന്നു നിയമപരമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിച്ചു. കല്ലറ തുറക്കുമ്പോള്‍ കുടുംബത്തില്‍നിന്ന് ആരെങ്കിലും അവിടെ എത്തണമെന്ന അധികൃതരുടെ ആവശ്യം കുടുംബം തള്ളി.
സ്വർഗവാതിൽ ഏകാദശിയിലെ സമാധി
ഈ മാസം 9ന് പിതാവിന്റെ ആഗ്രഹപ്രകാരം, സ്വര്‍ഗവാതില്‍ ഏകാദശി ദിവസം അദ്ദേഹത്തെ സമാധി ഇരുത്തിയെന്ന് മക്കള്‍ വെളിപ്പെടുത്തിയതോടെയാണ് സംസ്ഥാനം ഏറെ കൗതുകത്തോടെ ചര്‍ച്ച ചെയ്ത സമാധി വിവാദത്തിനു തുടക്കമായത്. മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തിയതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രോഗബാധിതനായി കിടപ്പിലായിരുന്ന ഗോപന്‍, വ്യാഴാഴ്ച രാവിലെ മരിച്ചെന്നും സമാധി ഇരുത്തിയെന്നുമാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും ആദ്യം പറഞ്ഞത്. രാവിലെ പത്തോടെ അറയിലേക്കു നടന്നുപോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായി മകന്‍ രാജസേനന്‍ പിന്നീട് പൊലീസിനു മൊഴി നല്‍കി. അപ്പോഴാണ് സമാധി പൂര്‍ത്തിയായതെന്നും പിന്നീട് ഈ അറ കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനന്‍ പറഞ്ഞു.
ആരെയും മരണവിവരം അറിയിക്കാതെ സംസ്‌കാരം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഗോപനെ കാണാനില്ലെന്ന കേസാണു പൊലീസ് റജിസ്റ്റര്‍ ചെയ്തത്. സമാധി സ്ഥലമെന്ന തരത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ പൊലീസ് സീല്‍ ചെയ്തു. ഗോപന്‍ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപന്‍ വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നു. ഇതിനു സമീപമാണു ഗോപന്‍ തന്നെ നിര്‍മിച്ചുവെന്നു പറയപ്പെടുന്ന ‘സമാധി അറ’. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഇദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നതായി മക്കള്‍ മൊഴി നല്‍കി. മക്കളില്‍ രാജസേനന്‍ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ്. മരണം നടന്ന സമയം സുലോചനയും മകന്‍ രാജസേനനും മാത്രമായിരുന്നു വീട്ടില്‍. സമാധിയാകാന്‍ സമയമായെന്ന് അച്ഛന്‍ അറിയിച്ചതിനാല്‍ രണ്ടാമത്തെ മകനും മെക്കാനിക്കുമായ സനന്തനെ വിളിച്ചുവരുത്തുകയായിരുന്നു.
കല്ലറ തുറന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിഞ്ഞ ദിവസം പൊലീസും ജില്ലാ ഭരണകൂടവും ശ്രമിച്ചെങ്കിലും ഭാര്യയും മക്കളും പ്രതിഷേധിച്ചതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഹിന്ദു ഐക്യവേദി, വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ (വിഎസ്ഡിപി) തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാര്‍ക്കു പിന്തുണയുമായി എത്തി. തുടര്‍ന്ന് കല്ലറ പൊളിച്ചു പരിശോധിക്കേണ്ടതുണ്ടെന്ന നിയമപരമായ നോട്ടിസ് കുടുംബാംഗങ്ങള്‍ക്ക് ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് നല്‍കി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കല്ലറ പൊളിക്കലില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങിയശേഷം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് നോട്ടിസ് നല്‍കിയ ശേഷം തുടര്‍നടപടി എന്നു തീരുമാനമുണ്ടായത്.
ഇതോടെ കുടുംബം ഹൈക്കോടതിയില്‍ എത്തി. സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകള്‍ ഉണ്ടെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കല്ലറ പൊളിക്കുന്നതും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതും അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടികള്‍ക്കു സ്‌റ്റേ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.