ഭവന ക്ഷാമം രൂക്ഷമാകുന്നു; രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി കാനഡ

Mail This Article
ഒട്ടാവ ∙ രാജ്യത്ത് പഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ. പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങൾ എന്നിവയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് നീക്കം. ഈ വർഷം 4,37,000 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് തീരുമാനം. ഇത് 2024 ൽ നിന്ന് 10 ശതമാനം കുറവാണ്.
സമീപ വർഷങ്ങളിലെ ജനസംഖ്യ വളർച്ച ഭവന ക്ഷാമം രൂക്ഷമാക്കുന്നതായി കണ്ടത്തിയതിനെ തുടർന്ന് 2024ൽ കാനഡ രാജ്യാന്തര വിദ്യാർഥി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. 2023ൽ, വിദേശ വിദ്യാർഥികൾക്ക് 6,50,000ലധികം പഠന പെർമിറ്റുകളാണ് നൽകിയത്. 10 വർഷം മുൻപ് രാജ്യത്തുണ്ടായിരുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തെക്കാൾ മൂന്നിരട്ടി ഇപ്പോഴുണ്ടെന്നാണ് കണക്ക്.
കുടിയേറ്റം മൂലമുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ച ഭവന ചെലവുകളും വർധിപ്പിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തര വിദ്യാർഥികളെ അപേക്ഷിച്ച് രാജ്യാന്തര വിദ്യാർഥികളിൽനിന്നു ഉയർന്ന ട്യൂഷൻ ഫീസാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത്.