‘ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം’: ഫാഷൻ ഷോയിൽ പാട്ടു പാടിയതിൽ വനംമന്ത്രി

Mail This Article
കോഴിക്കോട് / തിരുവനന്തപുരം ∙ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമാണ് ശശീന്ദ്രന്റെ പ്രതികരണം.
ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താനുണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവില്ലെന്നും മന്ത്രി പറഞ്ഞു,
അതേസമയം, മന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. സ്വകാര്യ പരിപാടിയിൽ പാട്ടു പാടിയ മന്ത്രി ശശീന്ദ്രന്റെ പ്രവർത്തി റോമാസാമ്രാജ്യം കത്തിയപ്പോൾ ചക്രവർത്തി വീണ വായിച്ചതു പോലെയാണെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തോട് വനം മന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.