പഠനകാലത്തേ അക്രമസ്വഭാവം; സ്വന്തമായി കഞ്ചാവ് ഗ്യാങ്, തെറിവിളിയും ഭീഷണിയും: അനൂപ് കൊടും കുറ്റവാളി

Mail This Article
കൊച്ചി ∙ ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിത ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി അനൂപ് കൊടുംക്രിമിനൽ. ലഹരി ഇടപാടും തല്ലും പിടിച്ചുപറിയുമടക്കമുള്ള കേസുകളിൽ പ്രതിയായ ഇയാൾ ചോറ്റാനിക്കരയിലെത്തിയതും ഇത്തരമൊരു അടിപിടിക്ക് പിന്നാലെ. നേരത്തേ ബലാത്സംഗം, വധശ്രമ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റമടക്കം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അനൂപിന്റെ ആക്രമണവും തുടർന്നുണ്ടായ ആത്മഹത്യ ശ്രമത്തിലും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു.
അനൂപ് കൊടുംക്രിമിനലാണെന്ന് തെളിയിക്കന്ന കൂടുതൽ വിവരങ്ങളാണ് പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പഠിക്കുന്ന കാലത്ത് പെൺകുട്ടികൾക്കു നേരെ എയർഗൺ ചൂണ്ടിയ സംഭവം ഇയാളുടെ പേരിലുണ്ട്. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. നാട്ടിൽ സ്വന്തമായി ‘കഞ്ചാവ് ഗ്യാങ്ങും’ ഇയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നാണ് വിവരം. പെൺകുട്ടി ആക്രമിക്കപ്പെടുന്ന ശനിയാഴ്ചയും ഇയാൾ നാട്ടിൽ അടിപിടി ഉണ്ടാക്കിയിരുന്നു. തലയോലപ്പറമ്പിനടുത്ത് മിഠായിക്കുന്നത്തു വച്ച് രണ്ടു കൗമാരക്കാരിൽനിന്ന് ഫോൺ തട്ടിപ്പറിച്ചതായിരുന്നു സംഭവം. എന്നാൽ ഇവർ ഫോൺ വിട്ടുകൊടുത്തില്ല. തുടർന്ന് ഇയാൾ ഇവരെ ആക്രമിച്ചെന്നും തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത് എന്നുമാണ് വിവരം.
ഇതിനു പിന്നാലെയാണ് ഇവിടെ നിന്ന് ഇയാൾ സുഹൃത്തിന്റെ വാഹനത്തിൽ ചോറ്റാനിക്കരയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയതും ക്രൂരമായ ആക്രമണം നടത്തിയതും. ഇയാൾ ഫോൺ വിളിച്ചപ്പോൾ പെൺകുട്ടി എടുക്കാതിരുന്നതാണ് പ്രകോപനമുണ്ടാക്കിയത്. ഇടയ്ക്കിടെ ഇവിടെ വന്നു പോകുന്ന ഇയാളുടെ പേരിൽ 20ഓളം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 29ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി റോഡിനു കുറുകെ ബൈക്ക് വച്ചത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരനെ അനൂപ് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ടു പുറത്തിറങ്ങി വന്ന അയൽവാസികളെയും ഇയാള്‍ തെറി വിളിക്കുകയും പുറത്തിറങ്ങിയാൽ ശരിയാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് ജനുവരി മൂന്നിനാണ് പരാതി പൊലീസിന് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ആക്രമിച്ച പ്രതി തല ഭിത്തിയിൽ ഇടിപ്പിച്ചു എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മർദനത്തിൽ തളർന്ന പെണ്‍കുട്ടി താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴും ‘ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം. പെൺകുട്ടി ഷാൾ കുരുക്കി താഴേക്ക് ചാടിയതോടെയാണ് ഇയാൾ കത്തിയെടുത്ത് ഷാൾ മുറിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ് പെൺകുട്ടി നിലവിളിച്ചപ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ ഇയാൾ വായ പൊത്തിപ്പിടിച്ചു. മരണത്തിന് ഇതൊക്ക കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്. നാലു മണിക്കൂറോളം പെൺകുട്ടി അനക്കമില്ലാതെ ഇങ്ങനെ കിടന്നതോടെ മരിച്ചു എന്ന് സംശയിച്ച് ഇയാൾ വീടിന്റെ പിന്നിലെ വാതിൽ തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു.