‘ജനറേറ്ററിന് ചെലവ് കൂടുതൽ’; 11 കാരന്റെ തലയിലെ മുറിവ് തുന്നിയത് മൊബൈൽ വെളിച്ചത്തിൽ, ആരോപണം

Mail This Article
വൈക്കം ∙ വീടിനുള്ളിൽ വീണു തലയ്ക്ക് പരുക്കേറ്റ 11കാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി(11)നാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ ദുരനുഭവമുണ്ടായത്.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ദേവതീർഥിനെ മുറിവു വച്ചുകെട്ടാനായി ഡ്രസിങ് റൂമിലേക്കാണ് ആദ്യം പറഞ്ഞയച്ചത്. മുറിയിൽ ഇരുട്ടായതിനാൽ അകത്തേക്ക് കയറാൻ സാധിച്ചിരുന്നില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അറ്റൻഡർ എത്തി. മുറിക്കുള്ളിൽ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റൻഡർ ദേവതീർഥിനെ ഒപി കൗണ്ടറിന്റെ മുന്നിലിരുത്തി. മുറിവിൽനിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിനു ജനറേറ്ററിനു ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ചു വയ്ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.
പിന്നീട് മുറിവ് ഡ്രസ് ചെയ്തു തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിന്റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. ദേവതീർഥിനു തലയിൽ രണ്ടു തുന്നലുകളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.