ബിജാപുരിൽ വീണ്ടും ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Mail This Article
റായ്പൂർ ∙ ഛത്തീസ്ഗഡിലെ ബിജാപുരിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഗംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8.30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) കോബ്ര യൂണിറ്റും സംയുക്തമായാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മുതൽ സുരക്ഷാ സേന പ്രദേശം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.
മാവോയിസ്റ്റ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് സുരക്ഷസേനയുടെ നിഗമനം. വനമേഖലയിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.