ADVERTISEMENT

മഞ്ചേരി ∙ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ ഭർത്താവും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി സ്റ്റാഫ് നഴ്സുമായ എളങ്കൂർ പേലേപ്പുറം കാപ്പിൽത്തൊടി പ്രബിനെ (32) ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും കേസിന്റെ തുടരന്വേഷണത്തിനും ഒരാഴ്ചയ്ക്കു ശേഷം കസ്റ്റഡിയിൽ വാങ്ങും.

പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജ (26) ആണ് പ്രബിന്റെ പേലേപ്പുറത്ത് വീട്ടിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഗാർഹികപീഡനം, ആത്മഹത്യപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്. കഴിഞ്ഞ 30നാണ് വിഷ്ണുജ മരിച്ചത്. മാനസിക, ശാരീരിക പീഡനമാണ് മരണകാരണമെന്നു ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസ്. ഇന്നലെ രാവിലെ മഞ്ചേരിയിൽനിന്നും ഡിവൈഎസ്പി ഓഫിസിൽ മൊഴിയെടുക്കാൻ കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കോടതിയിൽ ഹാജരാക്കി. ശേഷം മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കയച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പ്രബിന്റെയും വിഷ്ണുജയുടെയും ഫോണുകൾ പൊലീസിന്റെ സൈബർ വിങ്ങിനു കൈമാറി. ഫോണിലെ ചില ശബ്ദ സന്ദേശങ്ങളും ഫോട്ടോകളും പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പ്രബിന്റെ 2 ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭർതൃവീട്ടിൽ കടുത്ത പീഡനം നേരിട്ടിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തലുമുണ്ടായിരുന്നു. ഇക്കാര്യവും പൊലീസ് പരിശോധിക്കുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷം കാലതാമസമില്ലാതെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. വിവരം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യും. ആരോഗ്യവകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണു കരുതുന്നത്. മലപ്പുറം ഡിവൈഎസ്പി ടി.എസ്.സിനോജിനാണ് അന്വേഷണച്ചുമതല.

LISTEN ON

പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ വിഷ്ണുജ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതു സംബന്ധിച്ചു യുവതി വീട്ടുകാർക്കു സൂചന നൽകിയെങ്കിലും ഭർത്താവുമായി ഒത്തുപോകാൻ വിഷ്ണുജ തന്നെ മുൻകൈ എടുത്തിരുന്നു. ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ച പ്രശ്നമെന്താണെന്നു അന്വേഷണത്തിൽ കണ്ടെത്തണമെന്നു പരാതിക്കാരനായ സഹോദരീഭർത്താവ് ശ്രീകാന്ത് പറയുന്നു. ജോലി ഇല്ലാത്തതിന്റെ പേരിലുള്ള അവഹേളനമായിരുന്നു കൂടുതൽ. വിഷ്ണുജ ബാങ്കിങ് പരീക്ഷാപരിശീലനത്തിനു ചേർന്നിരുന്നു. ഹോസ്റ്റലിൽ താമസിച്ചാണു പഠിച്ചിരുന്നത്.

മെലിഞ്ഞിരിക്കുന്നതിന്റെ പേരിലും പരിഹാസം നേരിട്ടു. പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഒരിക്കൽ ഫോണിൽ വഴക്കു പറയുന്നതു കേട്ട് എന്താണു പ്രശ്നമെന്ന് അച്ഛൻ ചോദിച്ചെങ്കിലും പ്രശ്നങ്ങൾ വിഷ്ണുജ വീട്ടുകാരിൽനിന്നു മറച്ചുവച്ചെന്നും ശ്രീകാന്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടിൽ വന്ന് ഒരിക്കൽ പോലും താമസിച്ചിട്ടില്ല. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ഒരു വർഷം മുൻപു പ്രബിന്റെ വിവാഹാലോചന വന്നപ്പോൾ വിഷ്ണുജയുടെ വീട്ടുകാർ സാവകാശം ചോദിച്ചിരുന്നു.

വീട് സന്ദർശിച്ച് സംസ്ഥാന യുവജന കമ്മിഷൻ

എളങ്കൂരിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പൂക്കോട്ടുംപാടത്തെ വീട് സംസ്ഥാന യുവജന കമ്മിഷൻ അംഗം പി. ഷബീർ സന്ദർശിച്ചു. വിഷയത്തിൽ യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. സ്ത്രീധനം, സൗന്ദര്യം, ജോലി തുടങ്ങിയവയുടെ പേരിൽ 2 വർഷത്തോളം യുവതി നേരിട്ടതു ക്രൂരമായ മാനസിക-ശാരീരിക പീഡനമാണ്. യുവതിയുടെ ആത്മഹത്യ സംബന്ധിച്ചു ദുരൂഹതകൾ നീങ്ങേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി ഉണ്ടാകാൻ യുവജന കമ്മിഷൻ മുൻകൈ എടുക്കുമെന്നും അംഗം പി.ഷബീർ പറഞ്ഞു. വി.കെ.അനന്തകൃഷ്ണൻ, പി.ഉണ്ണിക്കൃഷ്ണൻ, സുജീഷ് മഞ്ഞളാരി, അർജുൻ വെള്ളോലി എന്നിവർ ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Manjeri Vishnuja's Death: Husband Remanded on Domestic Violence Charges

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com