10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ നിരീക്ഷിക്കാൻ ഡ്രോണുകൾ; രാജ്യത്താദ്യം, ക്രമക്കേടിനെതിരെ കർശനനടപടി

Mail This Article
മുംബൈ ∙ 10, 12 ക്ലാസുകളിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രശ്നബാധിത പരീക്ഷാകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് പൊതുപരീക്ഷയുടെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 8,500 പരീക്ഷാകേന്ദ്രങ്ങളിൽ 500 എണ്ണം പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 12–ാം ക്ലാസ് പരീക്ഷ ഈ മാസം 11 മുതൽ 18 വരെയും 10–ാം ക്ലാസ് പരീക്ഷ ഈ മാസം 21 മുതൽ മാർച്ച് 17 വരെയുമാണ് നടത്തുന്നത്.
ക്രമക്കേടിനെതിരെ കർശനനടപടി
കോപ്പിയടിക്കെതിരെ സ്കൂളുകളിൽ ശക്തമായ പ്രചാരണം നടത്തണമെന്ന് വിദ്യാഭ്യാസ ഓഫിസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി സുജാത സൗനിക് ആവശ്യപ്പെട്ടു. 1982ലെ മഹാരാഷ്ട്ര ദുരുപയോഗം തടയൽ നിയമം എല്ലായിടത്തും നടപ്പാക്കും. ക്രമക്കേടുകൾ നടത്തുന്നവർക്കും അതിന് സഹായം ചെയ്യുന്നവർക്കുമെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തും. പരീക്ഷാകേന്ദ്രങ്ങളുടെ 500 മീറ്റർ പരിധിയിലുള്ള ഫോട്ടോകോപ്പി കേന്ദ്രങ്ങൾ അടച്ചിടും. അനധികൃത ഒത്തുചേരലുകൾ തടയാൻ സെക്‌ഷൻ 144 (നിരോധനാജ്ഞ) നടപ്പാക്കും.
മിന്നൽ പരിശോധനാ സംഘവും എത്തും
പരീക്ഷ നടക്കുന്നതിന്റെ ഒരു ദിവസം മുൻപ് തന്നെ അതത് കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. പരീക്ഷാസമയത്ത് കേന്ദ്രങ്ങളുടെ പരിസരം വിഡിയോയിൽ പകർത്തുകയും മിന്നൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയമിക്കുകയും ചെയ്യും.
സെന്റർ ഡയറക്ടർമാർ, സൂപ്പർവൈസർമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ ഫേഷ്യൽ റെക്കഗ്‌നിഷ്യൻ സിസ്റ്റം വഴി പരിശോധന നടത്തി മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ. കോപ്പിയടിക്കെതിരെ വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ ബോധവൽക്കരണ പരിപാടികളും കഴിഞ്ഞ രണ്ടു മാസമായി സ്കൂളുകളിൽ നടത്തുന്നുണ്ട്.