വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കു വിരാമം; പ്രണയ ദിനാശംസകൾ നേർന്ന് ബറാക്ക് ഒബാമയും ഭാര്യ മിഷേലും

Mail This Article
വാഷിങ്ടൻ ∙ വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കും വാർത്തകൾക്കും വിരാമമിട്ടു പരസ്പരം പ്രണയ ദിനാശംസകൾ നേർന്നു മുൻ യുഎസ് പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. മിഷേലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഒബാമ തന്റെ പ്രണയ സന്ദേശം എക്സിൽ കുറിച്ചത്.
ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്റെ വക്കിലാണെന്നുമുള്ള വാർത്തകൾ തള്ളിയാണ് ഇരുവരുടേയും പ്രണയദിനാശംസകൾ.
‘‘32 വർഷം ഒരുമിച്ചു കഴിഞ്ഞിട്ടും നീ ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നു, ഹാപ്പി വാലന്‍റൈൻസ് ഡേ’’ – മിഷേലിനെ ടാഗ് ചെയ്ത് ഒബാമ എക്സിൽ കുറിച്ചു. ‘‘എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അതു നിങ്ങളാണ്. നിങ്ങളാണെന്‍റെ താങ്ങും തണലും. എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും. ഹാപ്പി വാലന്‍റൈൻസ് ഡേ പ്രിയപ്പെട്ടവനേ’’ – മിഷേൽ എക്സിൽ കുറിച്ചു.
പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നതു വാര്‍ത്തയായിരുന്നു. ഇതും ജെനിഫർ അനിസ്റ്റണും ഒബാമയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചർച്ചകൾക്കു വഴിയൊരുക്കി. കഴിഞ്ഞ ജനുവരി 17ന് ഒബാമ മിഷേലിനു ജന്മദിനാശംസകൾ നേർന്നിരുന്നു.