ADVERTISEMENT

വാഷിങ്ടൻ ∙ നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല. ഇതു ലോകമാകെ ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു.

104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലേക്കു യുഎസ് നാടുകടത്തിയതു വിവാദമായി ഒരാഴ്ച കഴിഞ്ഞാണു മോദിയുടെ പ്രസ്താവന. ‘‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടുംകേട്ടും ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണു പലരും എത്തുന്നത്.

മനുഷ്യക്കടത്തിലൂടെയാണു പലരെയും കൊണ്ടുവരുന്നത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ആ മുഴുവൻ വ്യവസ്ഥയ്‌ക്കെതിരെയാണ്. ഇതിനു ട്രംപ് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പുണ്ട്.’’– മോദി പറഞ്ഞു. 2008ലെ മുംബൈ ഭീകാരാക്രമണക്കേസിലെ കുറ്റവാളി തഹാവൂർ റാണയെ കൈമാറുമെന്നു ട്രംപ് പറഞ്ഞതിനോടും മോദി പ്രതികരിച്ചു.

‘‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണ്. 2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളിയെ ഇന്ത്യയ്ക്കു കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു. ഇന്ത്യയിലെ കോടതികൾ ഉചിത നടപടി സ്വീകരിക്കും’’. മോദി പറഞ്ഞു. ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതിവാതകവും നൽകുന്ന മുൻനിര വിതരണക്കാരായി യുഎസിനെ മാറ്റുന്ന സുപ്രധാന ഊർജ കരാറിനു ധാരണയായെന്നു ട്രംപ് വ്യക്തമാക്കി.

English Summary:

Modi-Trump Meeting: Focus on Deportation and Human Trafficking

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com