അന്ന് കണ്ടെയ്നറിൽ കടത്തിയത് 64.5 ലക്ഷം, ഒടുവിൽ ‘സിനിമാ സ്റ്റൈൽ’ ഏറ്റുമുട്ടൽ; തൃശൂരിനെ ഞെട്ടിച്ച എടിഎം കവർച്ച

Mail This Article
തൃശൂർ ∙ പോട്ട ഫെഡറൽ ബാങ്കിൽ 15 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് പരക്കംപായുമ്പോൾ സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവർച്ച കേസും ചർച്ചയാകുന്നു. അഞ്ചു മാസം മുൻപായിരുന്നു തൃശൂരിലെ 3 എടിഎമ്മുകളിൽ തുടരെ മോഷണം നടന്നത്. പണം കണ്ടെയ്നറിൽ കൊണ്ടുപോകുന്നതിനിടെ ഇവരെ തമിഴ്നാട് പൊലീസ് പിന്തുടരുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് അന്നു പരുക്കേറ്റത്. ഹരിയാന സ്വദേശികളായിരുന്നു പ്രതികൾ.
അന്നു പണം കണ്ടെയ്നറിൽ കെട്ടുകളായാണ് കൊണ്ടുപോയത്. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നു. പ്രതികൾ ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. സിനിമാ സ്റ്റൈൽ ചേസിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാൻ റജിസ്ട്രേഷനിലായിരുന്നു ഇവർ സഞ്ചരിച്ച കണ്ടെയ്നർ.
ഒന്നരമണിക്കൂറിനിടയിൽ 20 കിലോമീറ്റർ പരിധിയിലെ എടിഎമ്മുകളാണ് കവർന്നത്. പതിയാൻ സാധ്യതയുള്ള സിസിടിവി ക്യാമറയും ഇവർ അന്നു നശിപ്പിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തായിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
മാപ്രാണത്തെ എടിഎമ്മില്‍നിന്നു 30 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍നിന്നു 25 ലക്ഷം രൂപയും ഷൊർണൂർ റോഡിലെ എടിഎമ്മില്‍നിന്നു 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിനു ശേഷമായിരുന്നു മോഷണം.