ADVERTISEMENT

ജറുസലം∙ യുഎൻആർഡബ്ല്യുഎ (യുണൈറ്റ‍‍്ഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്തീൻ) പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) പാസാക്കിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഉത്തരവു നടപ്പിലാക്കുന്നതിനു യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് യുഎൻആർഡബ്ല്യുഎയുമായി ഇസ്രയേലിനുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും ഏജൻസിയുടെ പ്രവർത്തനം നിർത്തലാക്കാനും രണ്ടു നിയമങ്ങൾ വലിയ ഭൂരിപക്ഷത്തോടെ നെസെറ്റ് പാസാക്കിയത്. ജനുവരി 30 ഓടെ പ്രവർത്തനം അവസാനിപ്പിച്ച് കിഴക്കൻ ജറുസലമിൽനിന്നു പിന്മാറാനാണ് ഏജൻസിക്ക് ഇസ്രയേൽ നിർദേശം നൽകിയിരുന്നത്. ഇതിനുപിന്നാലെ ഈ മാസം ആദ്യം യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉത്തരവുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തു. 

യുഎൻആർഡബ്ല്യുഎ പ്രവർത്തനം അവസാനിപ്പിക്കുന്ന നിയമം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎൻ സഹായ ഏകോപന ഓഫിസിന്റെ ആക്ടിങ് മേധാവി ജോയ്‌സ് മസൂയ ഈ തീരുമാനത്തെ അപകടകരവും അതിരുകടന്നതും എന്നു വിശേഷിപ്പിച്ചപ്പോൾ യുഎൻആർഡബ്ല്യുഎ കമ്മിഷണർ ജനറൽ ഫിലിപ്പ് ലസാരിനി ഈ നിയമങ്ങൾ പലസ്തീനികളുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുമെന്നും പറഞ്ഞു. 

പലസ്തീൻ അഭയാർഥികൾക്കു വേണ്ടി ദുരിതാശ്വാസ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന യുഎൻ ഏജൻസിയാണ് യുഎൻആർഡബ്ല്യുഎ. 1948 ലെ അറബ്–ഇസ്രയേൽ യുദ്ധ സമയത്താണ് യുഎൻആർഡബ്ല്യുഎ പ്രവർത്തനം ആരംഭിക്കുന്നത്. യുദ്ധത്തിൽ വീടും ജീവിതമാർഗവും നഷ്ടപ്പെട്ട പലസ്തീൻ അഭയാർഥികൾക്ക് സഹായം എത്തിച്ചു നൽകുക എന്നതായിരുന്നു യുഎൻആർഡബ്ല്യുഎയുടെ പ്രധാന ലക്ഷ്യം. പതിറ്റാണ്ടുകളായി വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഏജൻസി പ്രവർത്തനം നടത്തുന്നു.

English Summary:

UNRWA: Israeli PM Benjamin Netanyahu orders immediate enforcement of UNRWA law

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com