തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണു; ഏഴുപേർ കുടുങ്ങിക്കിടക്കുന്നു

Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ഏഴു തൊഴിലാളികൾ കുടുങ്ങിയെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം അണക്കെട്ടിനു പിന്നിലുള്ള തുരങ്കത്തിൽ ചോർച്ച അടയ്ക്കാനെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചോർച്ച അടച്ചുകൊണ്ടിരിക്കെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
അമ്രാബാദിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ‘ശ്രീശൈലം അണക്കെട്ടിന് പിന്നിൽ എസ്എൽബിസി തുരങ്കത്തിന്റെ ഒരു ഭാഗം ശനിയാഴ്ച തകർന്നുവീണു. തുരങ്കത്തിന്റെ 14 കിലോമീറ്റർ ഉള്ളിൽ ഇടതുവശത്തെ മേൽക്കൂരയുടെ മൂന്നു മീറ്റർ ഭാഗമാണ് അടർന്നുവീണത്. തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം’– തെലങ്കാന റോഡ് ആൻഡ് ബിൽഡിങ് മന്ത്രി കോമതിറെഡ്ഡി വെങ്കട് റെഡ്ഡി പ്രസ്താവനയിൽ അറിയിച്ചു. നാലു ദിവസം മുമ്പാണ് തുരങ്കം വീണ്ടു തുറന്നത്.
അപകടമുണ്ടാകുമ്പോൾ 50 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെന്നും 43 പേർ രക്ഷപ്പെട്ടെന്നും നാഗർകുർണൂൽ എസ്‌പി വൈഭവ് ഗെയ്ക്‌വാദ് ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നേതൃത്വം നൽകാൻ ജില്ലാ കലക്ടർക്കും അഗ്നിരക്ഷ, ജലസേചന വിഭാഗങ്ങൾക്കും നിർദേശം നൽകിയതായി തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയുടെ ഓഫിസ് അറിയിച്ചു. ജലസേചന മന്ത്രി എൻ.ഉത്തം കുമാറും സംഘവും പ്രത്യേക ഹെലികോപ്ടറിൽ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.