കണക്കുകൾ തെറ്റിച്ച ജനപങ്കാളിത്തം; മഹാകുംഭമേളയുടെ പുണ്യം നുകരാനെത്തിയവരുടെ എണ്ണം 60 കോടി കവിഞ്ഞു

Mail This Article
പ്രയാഗ്‍രാജ് ∙ ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുമ്പോള്‍ 40 മുതൽ 45 കോടിവരെ ഭക്തർ പുണ്യസ്നാനത്തിനു പ്രയാഗ്‍രാജിലേക്ക് എത്തുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ശനിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി തീർഥാടകരാണ് ഇതുവരെ മഹാകുംഭമേളയുടെ ഭാഗമാകാൻ എത്തിയത്.
144 വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ മഹാകുംഭമേള അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ് അവസാനത്തെ അമൃതസ്നാനം. ഈ ദിവസം വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുംഭമേളയ്ക്കു സമാപനം കുറിക്കുമ്പോൾ ജനപങ്കാളിത്തം 65 കോടിയിലേക്ക് ഉയരുമെന്നാണ് ഇപ്പോള്‍ അധികൃതർ പറയുന്നത്.
ഫെബ്രുവരി 11 ആയപ്പോഴേക്കും 45 കോടിയാളുകൾ കുംഭമേളയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇതോടെയാണ് യുപി സർക്കാർ മേളയിലെ പങ്കാളിത്തം 60 കോടിയായി പരിഷ്കരിച്ചത്. എന്നാൽ തീർഥാടക പ്രവാഹത്തിൽ ഈ സംഖ്യയും മറികടന്നിരിക്കുയാണ്. ശനിയാഴ്ച മാത്രം ഒരു കോടിക്കു മുകളിൽ തീർഥാടകരാണ് എത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയായപ്പോഴേക്കും 1.43 കോടി തീർഥാടകരാണ് പ്രയാഗ്‍രാജിലേക്കു എത്തിയത്.