‘പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ല; പക്ഷേ കോൺഗ്രസ് അതു ചെയ്യില്ല, ബജ്‌വയെ രാഹുൽ ശ്രദ്ധിക്കണം’

Mail This Article
ചണ്ഡിഗഡ് ∙ പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ പറഞ്ഞു. ഇതോടെയാണു ഭഗവന്ത് മാൻ സർക്കാർ വീണേക്കുമെന്ന അഭ്യൂഹം ശക്തമായത്. എഎപി സർക്കാർ വീണാൽ കോൺഗ്രസ് ഉത്തരവാദിയല്ലെന്നും ബിജെപി അതു ചെയ്യുമെന്നും പ്രതാപ് സിങ് ബജ്‌വ കൂട്ടിച്ചേർത്തു.
‘‘എംഎൽഎമാർ മാത്രമല്ല, മന്ത്രിമാരും മറ്റു വലിയ നേതാക്കളും കോൺഗ്രസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഒരു സാഹചര്യത്തിലും ഈ സർക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്ന് ഞങ്ങൾ വ്യക്തമാക്കി. അതു ബിജെപിയാണു ചെയ്യുന്നത്. എഎപി സർക്കാർ കാലാവധി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഏതുതരം സർക്കാരിനാണു വോട്ട് ചെയ്തതെന്ന് അപ്പോൾ ജനങ്ങൾക്കു മനസ്സിലാകും’’– ദേശീയ മാധ്യമത്തോടു പ്രതാപ് സിങ് ബജ്‌വ പറഞ്ഞു.
എഎപി ഭരണകാലത്തു ഹവാല വഴി ആയിരക്കണക്കിനു കോടി രൂപ ഓസ്‌ട്രേലിയയിലേക്കും മറ്റും പോയതിൽ ആം ആദ്മി നേതാക്കൾ അസ്വസ്ഥരാണ്. മദ്യത്തിൽനിന്നും ഭൂവിനിയോഗ മാറ്റത്തിൽ നിന്നുമുള്ള പണമാണിത്. ഡൽഹി മോഡൽ അങ്ങനെയാണെന്നും ബജ്‌വ ആരോപിച്ചു. ബജ്‌വ ബിജെപിയിലേക്കു പോകാനുള്ള തയാറെടുപ്പിലാണെന്ന് എഎപി തിരിച്ചടിച്ചു. ‘‘ബജ്‌വ ബിജെപിയിൽ ടിക്കറ്റ് ഉറപ്പിച്ചു. ബെംഗളൂരുവിൽ മുതിർന്ന നേതാക്കളെ കണ്ടിരുന്നു. രാഹുൽ ഗാന്ധി ബജ്‌വയെ ശ്രദ്ധിക്കണം’’– എഎപി നേതാവ് നീൽ ഗാർഗ് പറഞ്ഞു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി തോറ്റതോടെയാണു പഞ്ചാബിലെ സർക്കാരിനെ പ്രതിപക്ഷം സമ്മർദത്തിലാക്കിയത്.