പ്രിയപ്പെട്ട അനുജന്റെ മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകൾ വിതറി; അഫാന്റെ ലക്ഷ്യമെന്ത്?

Mail This Article
തിരുവനന്തപുരം ∙ വെഞ്ഞാറമൂട്ടിൽ കുഞ്ഞനുജനെ ഉൾപ്പെടെ 23 വയസ്സുകാരൻ അഫാൻ കൂട്ടക്കൊല ചെയ്തെന്നു വിശ്വസിക്കാൻ പ്രയാസപ്പെടുന്ന നാട്ടുകാർക്കു മറ്റൊരു കാഴ്ചയും ദുരൂഹമായി തോന്നി. ഒൻപതാം ക്ലാസുകാരൻ അഫ്‌സാന്റെ മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ കറൻസി നോട്ടുകൾ വിതറിയിരുന്നു. ഇങ്ങനെ അഫാൻ ചെയ്തത് എന്തിനാണെന്ന് ആർക്കും മനസ്സിലായിട്ടില്ല. ഇതുൾപ്പെടെ അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

സ്വീകരണമുറിയിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്‌സാന്റെ മൃതദേഹം. അഫ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്നത് സ്ഥിരമായി കണ്ടിരുന്നെന്നു പേരുമല ആർച്ച് ജംക്‌ഷനിലെ നാട്ടുകാർ പറഞ്ഞു. ഇരുവരും തമ്മിൽ പത്തു വയസ്സ് വ്യത്യാസമുണ്ട്. പിതാവ് വിദേശത്തായതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നത്. അഫ്സാന്റെ പഠനകാര്യത്തിലും ശ്രദ്ധിച്ചിരുന്നു.
കൊലപാതകത്തിനു മുൻപ് അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങിച്ചു കൊടുത്തു. കുഴിമന്തിയുടെ ബാക്കിയും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിൽ രാത്രിയിലും ഇരിപ്പുണ്ടായിരുന്നു. കാൻസർ രോഗിയായ അമ്മയുടെ പ്രയാസവും കുടുബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നെന്നാണു ബന്ധുക്കൾ പറയുന്നത്. എന്നിട്ടും എന്തിനാണ് അനുജനെ ക്രൂരമായി കൊന്നതെന്നത് അജ്ഞാതമായി തുടരുന്നു.