തെലങ്കാന തുരങ്കദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു, തൊഴിലാളികളുടെ അടുത്തെത്താൻ തടസ്സം

Mail This Article
ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. തൊഴിലാളികളുടെ അടുത്തെത്തുന്നതിനു തടസ്സമായുള്ള ടണൽ ബോറിങ് മെഷീനും മറ്റ് അവശിഷ്ടങ്ങളും നീക്കാനുള്ള നടപടി തുടങ്ങി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ മറീൻ കമാൻഡോ ഫോഴ്‌സ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) എന്നിവയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്നു ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡി അറിയിച്ചു.
8 പേരാണു തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർ ഏതു ഭാഗത്താണുള്ളതെന്നു കണ്ടെത്താൻ ഡോഗ് സ്ക്വാഡിന്റെ സഹായവും തേടുമെന്നു കലക്ടർ ബി.സന്തോഷ് അറിയിച്ചു. മണ്ണിന്റെ സ്ഥിരത, മറ്റു പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു ദേശീയ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻജിആർഐ) ഉപദേശം തേടി. കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയത്തിനു ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും കലക്ടർ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്നവരുടെ 500 മീറ്റർ അടുത്തുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ മുന്നോട്ടു നീങ്ങാനായില്ല. സൈന്യം, ദേശീയ ദുരന്തനിവാരണ സേന എന്നിവയ്ക്കൊപ്പം വിവിധ ഏജൻസികളും രക്ഷാപ്രവർത്തനത്തിനുണ്ട്.