ശുദ്ധ ഊർജം; ഭാവിയുടെ ഇന്ധനം: എന്താണ് ഗ്രീൻ ഹൈഡ്രജൻ?

Mail This Article
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത പ്രധാന ഇന്ധനസ്രോതസ്സുകളൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഹൈഡ്രജൻ 'ക്ലീൻ' ആണെങ്കിലും അതു വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. എന്നാൽ കാർബൺ പുറന്തള്ളലുണ്ടാകാതെ വേർതിരിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീൻ ഹൈഡ്രജൻ.
കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി, സൗരോർജം, കാറ്റ് തുടങ്ങിയ പൂർണമായും പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകൾ ഉപയോഗിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത്. ഇലക്ട്രോളിസിസ് എന്ന പ്രക്രിയ വഴി ജലത്തിൽനിന്നാണ് ഇതു വേർതിരിച്ചെടുക്കുന്നത്. തികച്ചും സുസ്ഥിരമായവും ശുദ്ധവുമായ ഊർജസ്രോതസ്സാണ് ഗ്രീൻ ഹൈഡ്രജൻ. അത് ഉൽപാദന വേളയിലോ ജ്വലനസമയത്തോ അപകടകരങ്ങളായ വാതകങ്ങൾ പുറന്തള്ളുന്നില്ല.
അന്തരീക്ഷത്തിലേക്ക് അധികം കാർബൺഡൈ ഓക്‌സൈഡ് പുറംതള്ളാതെ തന്നെ ഊർജം ഉൽപാദിപ്പിക്കാനാകും എന്നതാണ് ഗ്രീൻ ഹൈഡ്രജന്റെ മെച്ചം. ഭൂമിയിലെ ഫോസിൽ ഇന്ധനശേഖരം തീർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാവിയുടെ ഇന്ധനമെന്നാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറയുന്നതിനാൽ അന്തരീക്ഷ മലിനീകരണ ഭീഷണിയും കുറയും. വ്യവസായ മേഖലയിലും വാഹനങ്ങൾക്ക് ഇന്ധനമായും ഇത് ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ ഗതാഗതരംഗത്ത് ഇതു വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം.