മാപ്പ് പോരാ; ഔറംഗസേബിനെ പ്രശംസിച്ച അബു ആസ്മിയെ സഭയിൽനിന്ന് പുറത്താക്കി മഹാരാഷ്ട്ര

Mail This Article
മുംബൈ ∙ മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രകീർത്തിച്ച് സംസാരിച്ച സമാജ്‌വാദി പാർട്ടി എംഎൽഎയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിയെ ബജറ്റ് സമ്മേളനം കഴിയുന്നതു വരെ നിയമസഭയിൽനിന്ന് പുറത്താക്കി. 26നാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്. പ്രസ്താവന വിവാദമായതോടെ മാപ്പുപറഞ്ഞ് അബു ആസ്മി രംഗത്തെത്തിയെങ്കിലും ഭരണപക്ഷം നടപടിയിൽ ഉറച്ചുനിന്നു.
ധനഞ്ജയ് മുണ്ടെ മന്ത്രിപദവി രാജിവച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ തടയുന്നതിനാണു ഭരണപക്ഷം ഔറംഗസേബ് വിവാദം ഉയർത്തിയതെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. അബു ആസ്മിയെ നിയമസഭയിൽനിന്നു പൂർണമായും മാറ്റണമെന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ പ്രതികരണം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അസ്വസ്ഥത പടർത്തി. ആസ്മിയെ പിന്തുണച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും ഉദ്ധവ് രംഗത്തെത്തി.
ആരെയും മുറിവേൽപിക്കാനല്ല സംസാരിച്ചതെന്നും ഇത് വിവാദമായതോടെ പ്രസ്താവന പിൻവലിച്ചിട്ടും തന്നെ പുറത്താക്കിയത് നീതികേടായെന്നും അബു ആസ്മി പറഞ്ഞു. ബിജെപി മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് അബു ആസ്മിയുടെ സസ്പെൻഷൻ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ഔറംഗസേബിനെ പ്രകീർത്തിക്കുന്ന പരാമർശങ്ങൾ ഛത്രപതി ശിവാജി മഹാരാജ്, ഛത്രപതി സംഭാജി മഹാരാജ് എന്നിവരെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇത്തരം നീക്കങ്ങൾ നിയമസഭ പോലെയുള്ള ജനാധിപത്യ സ്ഥാപനത്തിന് ഒരുതരത്തിലും യോജിച്ചതല്ല– ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
അബു ആസ്മിയെ സമാജ്‌വാദി പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തെ യുപിയിലേക്ക് വിട്ടാൽ ഞങ്ങൾ കൈകാര്യം ചെയ്യാമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
∙ വിവാദ പരാമർശം ഇങ്ങനെ
‘‘മുഗൾ രാജാവായ ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ ചിലർ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഒട്ടേറെ ക്ഷേത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലാത്ത രാജാവാണ് അദ്ദേഹം. ഛത്രപതി സംഭാജിക്കും ഔറംഗസേബിനും ഇടയിൽ നടന്ന യുദ്ധം രണ്ട് ഭരണകൂടങ്ങൾ തമ്മിലുള്ള യുദ്ധമാണ്. അല്ലാതെ മുസ്‌ലിംകളും ഹൈന്ദവരും തമ്മിൽ നടന്ന പോരാട്ടമല്ല’’ എന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ അബു ആസ്മി പറഞ്ഞത്. ബോളിവുഡ് സിനിമ ‘ചാവ’ ചരിത്രത്തെ വളച്ചൊടിച്ച് തയാറാക്കിയതാണെന്ന് സമർഥിക്കുന്നതിനിടെയായിരുന്നു വിശദീകരണം.