ന്യൂസീലൻഡ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും

Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങി ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. മാർച്ച് 16 മുതൽ 20 വരെ ലക്സൺ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്സന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇത്.
മാർച്ച് 17ന് മോദിയുമായി ലക്സൺ കൂടിക്കാഴ്ച നടത്തും. ഇന്ത്യ– ന്യൂസീലൻഡ് ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. അതേ ദിവസം തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും ലക്സൺ കൂടിക്കാഴ്ച നടത്തും. മാർച്ച് 17ന് ന്യൂഡൽഹിയിൽ നടക്കുന്ന പത്താമത് റെയ്‌സിന ഡയലോഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.
മാർച്ച് 19 മുതൽ 20 വരെ മുംബൈയിൽ ഇന്ത്യൻ വ്യവസായ പ്രമുഖരും മറ്റു നേതാക്കളുമായി ചർച്ച നടത്തും. ന്യൂസീലൻഡ് പ്രധാനമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ന്യൂസീലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമുണ്ടാകും.