‘മരിക്കുമ്പോൾ നെഞ്ചത്ത് ചുവന്ന കൊടി വേണമെന്ന് ആഗ്രഹം; ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികൾ’

Mail This Article
പത്തനംതിട്ട∙ തെറ്റുപറ്റിപ്പോയെന്നും പാർട്ടിക്ക് പൂർണ വിധേയനെന്നും സംസ്ഥാന സമിതിയിൽ പരിഗണിക്കാത്തതിനെതിരെ രൂക്ഷമായി പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ. തെറ്റു ബോധ്യമായപ്പോൾ തിരുത്തി. പാർട്ടി എന്തു നടപടിയെടുത്താലും സ്വീകരിക്കുമെന്നും പത്മകുമാർ പറഞ്ഞു.
‘‘പരസ്യമായി വിമർശനം ഉന്നയിച്ചതു ശരിയല്ലെന്ന ബോധ്യമുണ്ട്. കാര്യങ്ങൾ പറയേണ്ടേത് പാർട്ടിയിൽ ആയിരുന്നു. പാർട്ടി നടപടി സ്വീകരിക്കും. മനുഷ്യനാകുമ്പോൾ തെറ്റും ശരിയും ഉണ്ടാകും. തെറ്റുതിരുത്തി മുന്നോട്ടു കൊണ്ടുപോകാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം. മരിക്കുമ്പോൾ നെഞ്ചത്ത് ചുവന്ന കൊടി ഉണ്ടാകണമെന്നാണ് ആഗ്രഹം’’– പത്മകുമാർ വിശദീകരിച്ചു. നാളത്തെ ജില്ലാക്കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണു പത്മകുമാറിന്റെ തീരുമാനം.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും പത്മകുമാർ വിശദീകരിച്ചു. രാജു ഏബ്രഹാം അടുത്ത സുഹൃത്താണെന്നും വന്നുകണ്ടതിൽ സന്തോഷമെന്നുമായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പി.വി.അൻവർ കാണണമെന്ന് അറിയിച്ചെന്നും പത്മകുമാർ വെളിപ്പെടുത്തി. ശബരിമല വിഷയത്തിൽ ആരും പേടിപ്പിക്കാൻ വരേണ്ടെന്നു പറഞ്ഞ പത്മകുമാർ അന്നത്തെ തന്റെ റോൾ എന്താണെന്നു മുഖ്യമന്ത്രിക്ക് അറിയാമെന്നും വിശദീകരിച്ചു. എന്റെ വീട്ടിലെ സ്ത്രീകൾ ആരും ശബരിമലയ്ക്കു പോകില്ലെന്നു പറഞ്ഞതിനെ ഇപ്പോൾ എടുത്തു പ്രയോഗിക്കാൻ ശ്രമിക്കുകയാണു.
‘‘ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. എന്റെ പേരിൽ പ്രശസ്തി നേടാനാണു ബിജെപി ജില്ലാ നേതാക്കൾ ശ്രമിച്ചത്. അതുകൊണ്ടാണ് ഞാനില്ലാത്ത സമയത്ത് വീട്ടിൽ വന്നു ഫോട്ടോയെടുത്തത്. എസ്ഡിപിഐയെ വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല. മറ്റൊരു പാർട്ടിയിലും പോകില്ലെന്നു സൂചിപ്പിക്കാനാണ് എസ്ഡിപിഐയെ ചേർത്തു പറഞ്ഞത്. എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്നാണ് ഇന്നലെ പറഞ്ഞത്’’– പത്മകുമാർ വ്യക്തമാക്കി.