സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് 64കാരൻ

Mail This Article
പത്തനംതിട്ട ∙ കോന്നി റീജനൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. പത്തനംതിട്ട കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജനൽ സഹകരണ ബാങ്കിൽനിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.
ഇന്നലെയും പണം ചോദിച്ച് ആനന്ദൻ ബാങ്കിൽ പോയിരുന്നു. എന്നാൽ പണം കിട്ടിയില്ലെന്ന് മകൾ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തിൽ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകൾ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)