സ്വർണക്കടത്ത്: രന്യയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി, ഭർത്താവിന്റെ അറസ്റ്റിന് സ്റ്റേ

Mail This Article
ബെംഗളൂരു ∙ സ്വർണക്കടത്തു കേസിൽ പിടിയിലായ നടി രന്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരിയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. 17ന് കേസ് വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നു ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനോടു (ഡിആർഐ) നിർദേശിച്ചു. ചോദ്യംചെയ്യലിനു വിളിച്ചുവരുത്തി അപമാനിക്കുന്നതായി ആരോപിച്ച് ജതിൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
ചട്ടങ്ങൾ പാലിക്കാതെ ജതിനെ ചോദ്യംചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ 3ന് 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ രന്യ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 6 മാസത്തിനിടെ 27 തവണ നടി ദുബായ് യാത്രകൾ നടത്തിയിരുന്നു. യാത്രകളിൽ ഒപ്പമുണ്ടായിരുന്നതിനാലാണ്, ബെംഗളൂരുവിൽ ആർക്കിടെക്ടായ ജതിനിലേക്കും അന്വേഷണം നീണ്ടത്.
രന്യയുടെ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും. നേരത്തേ, രന്യയെ ബെംഗളൂരുവിലെ പ്രത്യേക കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി രന്യ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകരുതെന്നാണു ഡിആർഐ വാദം. ഇരുവാദങ്ങളും കേട്ട കോടതി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.