‘20 മുതൽ 30 സെക്കൻഡ് വരെ സുഖദർശനം’: ചരിത്ര ദൗത്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

Mail This Article
തിരുവനന്തപുരം ∙ ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം പ്രവർത്തന സജ്ജമായി. മീനമാസ പൂജയ്ക്ക് നട തുറക്കുന്നത് മുതൽ ട്രയൽ ആരംഭിക്കും.
ഫ്ലൈ ഓവർ വഴിയുള്ള ദർശന സംവിധാനത്തിൽ 2 മുതൽ 5 സെക്കൻഡ് വരെയാണ് ഭക്തന് ദർശനം ലഭിച്ചിരുന്നെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻഡ് അയ്യപ്പനെ ദർശിക്കാനുള്ള സൗകര്യം കൈവരും. പുതിയ സംവിധാനം ഒരുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോമുകളും ഭക്തരെ രണ്ടു വരിയിൽ വേർതിരിക്കുന്നതിന് ബാരിക്കേഡും ഒരുക്കിയിട്ടുണ്ട്. കൊടിമരച്ചോട്ടിൽ നിന്നും രണ്ടു വരികളിലായിട്ടാണ് അയ്യപ്പഭക്തരെ ശ്രീ കോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കുക. ദർശനം പൂർത്തിയാക്കി നിലവിലുള്ള രീതിയിലൂടെ തന്നെ ഭക്തർ മാളികപുറത്തേക്ക് പോകും.